കൊടുങ്ങല്ലൂർ: സ്ത്രീകൾക്ക് നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ പൊതുബോധം ഉണർത്തുന്നതിനും സ്ത്രീകൾക്ക് അന്യമാകുന്ന പൊതു ഇടങ്ങൾ ലഭ്യമാക്കുന്നതിനും കൊടുങ്ങല്ലൂർ നഗരസഭയും വനിതാ ശിശു വികസന വകുപ്പും ചേർന്ന് നടത്തിയ നിർഭയ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീകൾ നൈറ്റ് വാക്കിംഗിനിറങ്ങി. 'പൊതുയിടം എന്റേതും ' എന്ന പേരിലാണ് വനിതകളുടെ സഞ്ചാരം സംഘടിപ്പിച്ചത്. രാത്രി 11 മുതൽ 1 മണി വരെ നീണ്ട രാത്രി നടത്തത്തിൽ ഇരുനൂറോളം സ്ത്രീകൾ പങ്കെടുത്തു.
നാല് അംഗങ്ങൾ ഉൾപ്പെടുന്ന സംഘമായിട്ടാണ് നൈറ്റ് വാക്കിൽ സ്ത്രീകൾ പങ്കെടുത്തത്. കൈയെത്തും ദൂരത്ത് സഹായം കിട്ടുമെന്ന ഉറപ്പിൽ 200 മീറ്റർ അകലത്തിൽ അടുത്ത ഗ്രൂപ്പിനെ വിന്യസിച്ചിരുന്നു. പ്രത്യക്ഷത്തിലല്ലാതെ പൊലീസിന്റെ സഹായം നിരത്തിൽ ഉറപ്പ് വരുത്തുകയും ചെയ്തു. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുവാൻ സംഘത്തിന് വിസിൽ നൽകിയിരുന്നു. വഴിയരികിൽ ലൈറ്റും കാമറയും സജ്ജമാക്കി.
നഗരസഭ ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച യാത്ര റിംഗ് റോഡ് ചുറ്റി വടക്കേ നടവഴി കോതപറമ്പിലെത്തി. തുടർന്ന് തിരിച്ചു വന്ന് നഗരസഭ പരിസരത്ത് സമാപിച്ചു. വനിതാ കൗൺസിലർമാരും വിവിധ വനിതാ സംഘടനകളും കുടുംബശ്രീ പ്രവർത്തകരും ആശാ വർക്കർമാരും യാത്രയിൽ പങ്കെടുത്തു. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ നൈറ്റ് വാക്ക് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് ഓഫീസർ സുധ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണിക്കൃഷ്ണൻ, മഹിളാ സംഘടന നേതാക്കൾ, സി.ഡി.എസ് ചെയർപേഴ്‌സൺമാർ എന്നിവർ സംസാരിച്ചു. നൈറ്റ് വാക്കിന് ശേഷം മെഴുകുതിരി തെളിച്ച് പ്രതിജ്ഞ ചൊല്ലി.