ഗുരുവയൂർ: അഷ്ടപദിയാട്ടം പുനരാവിഷ്‌കാരത്തിന്റെ രണ്ടാം ഘട്ടം ഗുരുവായൂരപ്പന് മുന്നിൽ സമർപ്പിച്ചു. ശ്രീഗുരുവായൂരപ്പൻ ധർമ കലാസമുച്ചയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജയദേവന്റെ ഗീതാഗോവിന്ദം അടിസ്ഥാനമാക്കിയായിരുന്നു അഷ്ടപദിയാട്ടത്തിന്റെ പുനരാവിഷ്‌കാരം.
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന പുനരാവിഷ്‌കാരത്തിൽ 30 ഓളം കലാകാരികൾ അരങ്ങിലെത്തി. ഗീതാഗോവിന്ദത്തിലെ 4, 5, 6 പദങ്ങളുടെ നൃത്തരൂപമാണ് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി അരമണിക്കൂർ വീതമുള്ള മൂന്ന് ഘട്ടമായി പുനരാവിഷ്‌കരിച്ചത്. കാലടി സർവകലാശാല നൃത്തവിഭാഗം മേധാവി ഡോ. വേണുഗോപാലൻ നായരാണ് അഷ്ടപദിയാട്ടം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിന്റെ സംസ്‌കാരവും കലകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സംരംഭങ്ങൾ നടത്തുന്നത്. മെട്രോമാൻ ഇ. ശ്രീധരൻ, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് എന്നിവരാണ് ട്രസ്റ്റിനു നേതൃത്വം നൽകുന്നത്. അഷ്ടപദിയാട്ടത്തിന്റെ ഒന്നാംഘട്ടം കഴിഞ്ഞ വർഷം ഉപരാഷ്ടപതി വെങ്കയ്യ നായിഡുവാണ് ഉദ്ഘാടനം ചെയ്തിരുന്നത്.