ഗുരുവായൂർ: സൈക്കിൾ വാരാഘോഷത്തിന്റെ ഭാഗമായി ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ജനുവരി അഞ്ചിന് സൈക്കിളോട്ട മത്സരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിസ്ഥിതി സംരക്ഷണം, ആരോഗ്യരക്ഷ, ഇന്ധനസംരക്ഷണം എന്നിവ ലക്ഷ്യമിട്ട് സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സരം നടത്തുന്നത്. രാവിലെ ഏഴിന് മമ്മിയൂർ ജംഗ്ഷനിൽ നിന്നും മത്സരം ആരംഭിക്കും. 12 കിലോമിറ്റർ ദൂരം ഏറ്റവും ആദ്യം സൈക്കിൾ ചവിട്ടി എത്തുന്നയാൾക്ക് ഒന്നാം സമ്മാനമായി സൈക്കിൾ നൽകും.

രണ്ടാം സമ്മാനമായി 2001 രൂപയും മൂന്നാം സമ്മാനമായി 1001 രൂപയും നൽകും. 18 വയസ് തികഞ്ഞവർക്ക് മത്സരത്തിൽ പങ്കെടുക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി മത്സരം ഉണ്ടാകും. സൈക്കിൾ വാരാചരണത്തിന്റെ ഭാഗമായി തിരൂരിൽ നിന്ന് പുറപ്പെട്ട സൈക്കിൾ യാത്രയ്ക്ക് ജനുവരി എട്ടിന് ഗുരുവായൂരിൽ സ്വീകരണം നൽകും. ഭാരവാഹികളായ രവി ചങ്കത്ത്, കെ.കെ. ശ്രീനിവാസൻ, എൻ.ജി. സതീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.