ആമ്പല്ലൂർ: സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൾച്ചറൽ കോംപ്ലക്‌സുകൾ സ്ഥാപിക്കുമെന്ന് മന്ത്രി എ.കെ ബാലൻ. കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ നിർമ്മിക്കുന്ന ആധുനിക തിയേറ്റർ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കൊല്ലത്ത് ശ്രീനാരായണ ഗുരുദേവന്റെയും, തിരുവനന്തപുരത്ത് അയ്യങ്കാളിയുടെയും പേരിൽ കൾച്ചറൽ കോംപ്ളക്സുകൾ സ്ഥാപിക്കും. പണം ചെലവിട്ട് സിനിമ നിർമ്മിക്കുന്ന പലരുടെയും സിനിമകൾ റിലീസ് ചെയ്താൽ പ്രദർശിപ്പിക്കാൻ തിയേറ്റർ ലഭിക്കാതിരുന്ന പ്രവണത ഒഴിവാക്കാൻ എൽ.ഡി.എഫ് സർക്കാരിനായിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. ഫിലിം ഡെവലപ്‌മെന്റ് കോർപറേഷൻ എം.ഡി എൻ. മായ റിപ്പോർട്ട് അവതരിപ്പിച്ചു.
ചെയർമാൻ ഷാജി എൻ. കരുൺ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രിയനന്ദനൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, വൈസ് പ്രസിഡന്റ് സനൽ മത്തളി, ബ്‌ളോക്ക് പഞ്ചായത്ത് അംഗം അലക്‌സ് ചുക്കിരി, പഞ്ചായത്ത് അംഗങ്ങളായ പി.കെ വിനോദൻ, നന്ദിനി ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.
കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ ഒരേസമയം പ്രേക്ഷകരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ 100 സ്‌ക്രീനുകൾ നിർമ്മിക്കുവാനുള്ള ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലുള്ളതാണ് ഈ തിയേറ്റർ സമുച്ചയം. ആധുനിക സജ്ജീകരണങ്ങൾ ഉള്ള തിയേറ്റർ ഒരു വർഷത്തിനകം പൂർത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.