thomas
തോമാസ്

തൃശൂർ : നൂറുകോടിയിലേറെ രൂപ പറ്റിച്ച് മുങ്ങിയ ടി.എൻ.ടി ചിട്ടി തട്ടിപ്പ് ഉടമകൾ പിടിയിൽ. മുഖ്യ പ്രതികളായ പിതാവും മക്കളുമാണ് അറസ്റ്റിലായത്. എറണാകുളം വടക്കേക്കര കുഞ്ഞി തൈ കുറുപ്പശ്ശേരി വീട്ടിൽ തോമാസ് (64), മക്കളായ ടെൽസൺ (44), നെൽസൺ (42) എന്നിവരാണ് സിറ്റി പൊലീസിന്റെ പിടിയിലായത്.

അഞ്ഞൂറിലേറെ കേസുകൾ ഇവർക്കെതിരെ നിലവിലുണ്ട്. അനുഗ്രഹ എന്ന പേരിൽ കുറി കമ്പനി തുടങ്ങി പിന്നീട് ടി.എൻ.ടി എന്ന് പേരു മാറ്റുകയായിരുന്നു. മുംബയ്‌യിലാണ് കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇരിങ്ങാലക്കുട ആസ്ഥാനമാക്കിയായിരുന്നു പ്രവർത്തനം. വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ചിട്ടി കമ്പനി ഒരു സുപ്രഭാതത്തിൽ പൂട്ടി ഉടമകൾ മുങ്ങി. പരാതികളുടെ പ്രളയമാണ് പിന്നീടുണ്ടായത്.

തൃശൂർ, പാലക്കാട് ജില്ലകളിലെ ഒട്ടേറെ പ്പേർ തട്ടിപ്പിനിരയായി. കുറി നടത്തി വട്ടമെത്തിയിട്ടും പണം ലഭിക്കാതായപ്പോഴാണ് പ്രശ്‌നമായത്. ഒല്ലൂർ, വിയ്യൂർ, വടക്കാഞ്ചേരി, കുന്നംകുളം, പാവറട്ടി, ഇരിങ്ങാലക്കുട, ആളൂർ, ചേർപ്പ്, അന്തിക്കാട്, കൊരട്ടി, ചാലിശ്ശേരി, വടക്കുംഞ്ചേരി, ഒറ്റപ്പാലം പൊലീസ് സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. മുംബയ്‌യിലും പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നു. രാംജ്യോതി കുറീസ് എന്ന പേരിലായിരുന്നു തട്ടിപ്പ് . സിറ്റി പൊലീസ് കമ്മിഷണർ യതീഷ്ചന്ദ്ര രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് എറണാകുളത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.

ഒല്ലൂർ സി.ഐ ബെന്നി ജേക്കബ്, എസ്.ഐ മനോജ് കുമാർ പി.ആർ, പൊലീസുകാരായ കെ. ശ്രീകുമാർ, പി.എസ് ഫൈസൽ, ടി.എസ് മനോജ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.