ചെറുതുരുത്തി: കലാമണ്ഡലം കൽപ്പിത സർവകലാശാല റിട്ട. ടീച്ചേഴ്‌സ് ആക്‌ഷൻ കൗൺസിൽ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടിക്കെതിരെ സമരത്തിലേക്ക്. ആറാം ശമ്പള പരിഷ്കരണ കമ്മിഷൻ നടപ്പിൽ വരുത്തുക, 2007 മുതലുള്ള ശമ്പളക്കുടിശ്ശിക നൽകുക, ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിരമിച്ച അദ്ധ്യാപകർ സമര രംഗത്തിറങ്ങുന്നത്.

അഞ്ചാം ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി 33 അദ്ധ്യാപകരാണ് യു.ജി.സി പദ്ധതിക്കു കീഴിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ 25 അദ്ധ്യാപകർ വിരമിച്ചു. ആറു പേർ മരിക്കുകയും ബാക്കി രണ്ടു പേർ മാർച്ചിൽ സർവ്വീസിൽ നിന്നും വിരമിക്കും. ശമ്പളസ്കെയിൽ താഴ്ന്നതിനാൽ പെൻഷനായി ചെറിയ തുകയാണ് വിരമിച്ചവർക്കു നിലവിൽ ലഭിക്കുന്നത്. ആശാസ്ത്രീയത മൂലം കലാമണ്ഡലത്തിലെ അദ്ധ്യാപകർക്കു ശമ്പളക്കുറവ് വരികയും, അദ്ധ്യാപകർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

അഞ്ചാം ശമ്പള പരിഷ്കരണത്തിലെ അനോമലി പരിഹരിച്ച് ആറാം പദ്ധതി നടപ്പിലാക്കണമെന്നു പല നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടായില്ല. 2017ൽ കലാമണ്ഡലം ഭരണസമിതി കമ്മിഷനെ നിയമിക്കുകയും, റിപ്പോർട്ട് പാസാക്കി സമർപ്പിക്കുകയും ചെയ്തിട്ട് ഒന്നര വർഷം പിന്നിട്ടു.

വിരമിച്ച അദ്ധ്യാപകരുടെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഏഴിനു കലാമണ്ഡലത്തിനു മുന്നിലും, തുടർന്നു സെക്രട്ടറിയേറ്റു പടിക്കലും ധർണ്ണ നടത്തുമെന്നു കലാമണ്ഡലം എം. രാജശേഖരൻ, കലാമണ്ഡലം എം. ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം ഈശ്വരനുണ്ണി, കലാമണ്ഡലം പി. രാമദാസ്, കലാമണ്ഡലം പി. കൃഷ്ണകുമാർ, കലാമണ്ഡലം എസ്. ഗോപകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.