കൊടുങ്ങല്ലൂര്‍: ജില്ലാ ക്ഷീര കർഷക സംഗമം ക്ഷീര വികസന വകുപ്പിന്റേയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തിൽ ജനു. 23, 24 തീയതികളിൽ കൊടുങ്ങല്ലൂർ പുല്ലൂറ്റ് മുസിരിസ് കൺവെൻഷൻ സെന്ററിൽ നടക്കും. ക്ഷീര കർഷക സംഗമം വിജയിപ്പിക്കുന്നതിനായി അഡ്വ.വി.ആർ സുനിൽകുമാർ എം.എൽ.എ രക്ഷാധികാരിയും നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ, മിൽമാ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ, പുല്ലൂറ്റ് തെക്കുംപുറം ക്ഷീരസംഘം പ്രസിഡന്റ് ഇ.ജി ഷീബ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു.

നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കന്നുകാലി പ്രദർശനം, ഗവ്യ ജാലകം, ക്ഷീര വികസന സെമിനാർ, ഡയറി എക്സ്പൊ, പോസ്റ്റർ പ്രസന്റേഷൻ, ക്ഷീരോത്പന്ന നിർമ്മാണ മത്സരം, പൊതുസമ്മേളനം തുടങ്ങിയ പരിപാടികൾ നടക്കും. രണ്ടായിരത്തോളം ക്ഷീര കർഷകർ പങ്കെടുക്കുമെന്ന് ക്ഷീര വികസന വകുപ്പു ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.