തൃശൂർ: ഇന്ന് മുതൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്‌ളാസ്റ്റികിന് നിരോധനം. ബദൽ സംവിധാനങ്ങളോടെ ജില്ലയിൽ കുടുംബശ്രീയും സ്വകാര്യ സംരംഭകരും. 44 തദ്ദേശസ്ഥാപനങ്ങളിലായി 58 യൂണിറ്റുകളിൽ നിന്ന് തയ്യാറാക്കിയ ഒരു ലക്ഷത്തോളം തുണി ബാഗുകൾ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് കഴിഞ്ഞ ദിവസമെത്തി. 50,000 തുണി ബാഗുകൾ അടുത്ത ദിവസം കടകളിലെത്തിക്കും. മുൻകൂട്ടി ലഭിക്കുന്ന ഓർഡർ അനുസരിച്ചാണ് തുണി സഞ്ചികൾ തയ്യാറാക്കുന്നത്. കോലഴി, പഴയന്നൂർ, വള്ളത്തോൾ നഗർ, പെരിഞ്ഞനം സി.ഡി. ബ്‌ളോക്കുകളിൽ സഞ്ചി തയ്യാറാക്കുന്നതിൽ പരിശീലനവും നടക്കുന്നുണ്ട്. കമുകിൻ പാള കൊണ്ടുള്ള പ്‌ളേറ്റ്, സ്പൂൺ, ഗ്‌ളാസ് തുടങ്ങിയവ സ്വകാര്യ സംരംഭകരാണ് ഒരുക്കിയിട്ടുള്ളത്.

 നിരോധനമുള്ളവ

1. ക്യാരി ബാഗ് (കനം നോക്കാതെ)
2. മേശവിരി
3. തെർമോക്കോൾ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ
4. ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ
5. കൊടി തോരണങ്ങൾ, പി.വി.സി ഫ്‌ളെക്‌സ്
6. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്‌ട്രോകൾ
7. 500 മില്ലി ലീറ്ററിന് താഴെയുള്ള കുപ്പിവെള്ളം
8. പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പർ പ്ലേറ്റ്, ഗ്ലാസ്, സഞ്ചി


 നിരോധനമില്ലാത്തവ

മുൻകൂട്ടി അളന്നു വച്ചിരിക്കുന്ന ധാന്യങ്ങൾ, പയറുവർഗങ്ങൾ, പഞ്ചസാര പായ്ക്കറ്റുകൾ
ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപകരണങ്ങൾ, പ്ലാസ്റ്റിക് കയറ്റുമതി കമ്പനികൾ, കംപോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിന്നും നിർമ്മിച്ചവ
മത്സ്യവും മാംസവും സൂക്ഷിക്കുന്ന പായ്ക്കറ്റുകൾ

 ഹരിതകർമ സേന

കൈവശമുള്ള പ്ലാസ്റ്റിക് ഹരിതകർമസേനയെ ഏൽപിക്കാം. മെറ്റീരിയൽ കളക്‌ഷൻ സംവിധാനമുള്ള തദ്ദേശ സ്ഥാപനങ്ങളിൽ നേരിട്ടും പ്ലാസ്റ്റിക് എത്തിക്കാം. ജില്ലയിലെ 86 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും തൃശൂർ കോർപറേഷനിലും ഹരിതകർമ സേനാംഗങ്ങളുണ്ട്. ശേഖരിച്ചവയിൽ ജില്ലയിൽ രണ്ട് ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഇനി കയറ്റിപ്പോകാനുള്ളത്.


 പിഴയുണ്ട്, മറക്കേണ്ട

നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിർമാതാക്കൾ, മൊത്തവിതരണക്കാർ, ചെറുകിടവിൽപനക്കാർ എന്നിവരിൽ നിന്നു 10,000 രൂപ പിഴ ഈടാക്കും. രണ്ടാമതും നിയമം ലംഘിച്ചാൽ 25,000 രൂപയാണ് പിഴ. തുടർന്നാൽ 50,000 രൂപ പിഴയോടൊപ്പം സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദ് ചെയ്യും. വ്യക്തികൾ, കടകൾ, സ്ഥാപനങ്ങൾ എന്നിവ പ്ലാസ്റ്റിക് കൈവശം വച്ചാൽ 500 രൂപവരെ പിഴ ഈടാക്കും.

.................................

46 പഞ്ചായത്തുകളിൽ മെറ്റീരിയൽ കളക്‌ഷൻ സംവിധാനമുണ്ട്. പത്തിടങ്ങളിൽ താത്കാലിക സംവിധാനമുണ്ട്. മറ്റുള്ള സ്ഥലത്തേക്കുള്ള നടപടികൾ നടക്കുന്നു. ശേഖരിച്ച പ്ലാസ്റ്റിക് ക്ലീൻ കേരള കമ്പനിക്ക് നൽകും. പി.എസ്. ജയകുമാർ (ഹരിതകേരള മിഷൻ, ജില്ലാ കോഓർഡിനേറ്റർ)