puraskaram
മികച്ച നവാഗത ചലച്ചിത്ര സംവിധായകനുള്ള ഒമ്പതാമത് മോഹൻ രാഘവൻ ചലച്ചിത്ര പുരസ്കാരം സംവിധായകൻ മധു സി. നാരായണൻ സംവിധായകൻ കെ.ജി. ജോർജ്ജിൽ നിന്ന് ഏറ്റുവാങ്ങുന്നു.

മാള: മികച്ച നവാഗത ചലച്ചിത്ര സംവിധായകനുള്ള ഒമ്പതാമത് മോഹൻ രാഘവൻ ചലച്ചിത്ര പുരസ്കാരം കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയുടെ സംവിധായകർ മധു സി. നാരായണൻ സംവിധായകൻ കെ.ജി. ജോർജ്ജിൽ നിന്ന് ഏറ്റുവാങ്ങി. സംവിധായകനും നാടക പ്രവർത്തകനുമായ മോഹൻ രാഘവന്റെ സ്മരണയ്ക്കായി അന്നമനട ഒഫ് സ്റ്റേജ് ഏർപ്പെടുത്തിയതാണ് 25,000 രൂപയും ചിത്രകാരൻ മുഹമ്മദ് അലി ആദം രൂപകൽപ്പന ചെയ്ത ഫലകവും അടങ്ങുന്ന പുരസ്കാരം.

അന്നമനടയിൽ നടന്ന അനുസ്മരണ പരിപാടിയിൽ തിരക്കഥാകൃത്ത് ജോൺ പോൾ അദ്ധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. സംഗീത നാടക അക്കാഡമി മുൻ വൈസ് ചെയർമാൻ ടി.എം. എബ്രഹാം, മോഹൻ രാഘവനേയും അഡ്വ.വി.വി. ജയരാമൻ, മുഹമ്മദ് അലി ആദത്തേയും അനുസ്മരിച്ച് സംസാരിച്ചു. സംഗീതജ്ഞനായ അന്നമനട ബാബുരാജിനെയും അന്നമനടയിലെ ഹോം ടൗൺ പ്രൊഡക്ഷൻസ് ഹ്രസ്വചിത്ര പ്രവർത്തകരേയും ആദരിച്ചു. പി.കെ. കിട്ടൻ, ജിനേഷ്‌ എബ്രഹാം, പി.ടി. വിത്സൻ, കെ.വി. ശ്യാം എന്നിവർ സംസാരിച്ചു. തുടർന്ന് എം.എസ്.ഡി.എ ഫാൻ ബോയ് സ്റ്റോറി എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദർശനവും പഴയ മലയാളം ചലച്ചിത്രഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശയും നടന്നു.