തൃശൂർ: ദേശീയപാത പീച്ചി റോഡ് ജംഗ്ഷനു സമീപം ടാങ്കർ ലോറിയിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. എറണാകുളം പച്ചാളം കുന്നത്തുംപറമ്പിൽ റോഡ് വെള്ളശേരിൽ വീട്ടിൽ സാനിലാൽ മകൻ വി.എസ്. അനന്തു (22) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ബൈക്കോടിച്ചിരുന്ന എറണാകുളം കുന്നത്തുപറമ്പിൽ വീട്ടിൽ അനിൽകുമാർ മകൻ സന്യാലിനെ (23) ഗുരുതരമായ പരിക്കുകളോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്യാലിന്റെ ഒരു കാലിനേറ്റ പരിക്ക് അതീവ ഗുരുതരമാണ്.
എറണാകുളത്തു നിന്നും ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു അനന്തുവും സന്യാലും. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.

ഓൺലൈൻ ഭക്ഷണം വിതരണം ചെയ്യുന്ന ജോലിയാണ് മരിച്ച അനന്തുവിന്. വെൽഡിംഗ് തൊഴിലാളിയാണ് പരിക്കേറ്റ സന്യാൽ.