krushi
വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്യുന്നു..

എരുമപ്പെട്ടി: മട്ടുപ്പാവ് കൃഷിയിൽ നൂറ് മേനി വിളയിച്ച് വിജയം കൈവരിച്ചിരിക്കുകയാണ് വേലൂരിലെ ജലജരാജ് എന്ന വീട്ടമ്മ. ആർ.എം.എസ് സ്‌കൂളിനു സമീപമുള്ള ജലജ രാജിന്റെ ശിബിരമെന്ന് പേരുള്ള വീടിന്റെ മട്ടുപ്പാവ് ഇപ്പോൾ ഒരു മാതൃകാ കൃഷിത്തോട്ടമാണ്.

ഒമ്പത് വർഷം മുമ്പാണ് മട്ടുപ്പാവ് കൃഷിയെക്കുറിച്ച് ജലജ കേട്ടറിയുന്നത്.

വിഷ വിമുക്തമായതും ഗുണമേന്മയുള്ളതുമായ പച്ചക്കറി ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെ പരീക്ഷണാടിസ്ഥാനത്തിലാണ് ആരംഭം. ഒഴിഞ്ഞുകിടക്കുന്ന വീടിന്റെ ടെറസിൽ ആദ്യം മുളക്, തക്കാളി തുടങ്ങിയവയാണ് കൃഷി ചെയ്തു തുടങ്ങിയത്. ഇത് വിജയം കണ്ടതോടെ 400 ചതുരശ്ര അടിയോളം വരുന്ന ടെറസ് മുഴുവനായും കൃഷിക്ക് വിനിയോഗിക്കുകയായിരുന്നു.

ഒഴിവുസമയങ്ങളാണ് കൃഷി പരിപാലനത്തിനായി വിനിയോഗിക്കുന്നത്. വിത്തുകൾ സ്വന്തമായി ഉദ്പാദിപ്പിക്കുന്നതു കൂടാതെ കാർഷിക സർവകലാശാലയിൽ നിന്നും മികച്ചയിനം വിത്തുകൾ വാങ്ങാറുമുണ്ട്. തീർത്തും ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന ഈ പച്ചക്കറികൾ കച്ചവട ലക്ഷ്യത്തോടെയുള്ളതല്ല എന്ന പ്രത്യേകത കൂടിയുണ്ട്. സ്വന്തം വീട്ടാവശ്യത്തിൽ കവിഞ്ഞുള്ളത് സൗഹൃദ വൃത്തങ്ങളിൽ വിതരണം ചെയ്യുന്നതിൽ സന്തോഷവതിയാണ് ഈ വീട്ടമ്മ.

കുട്ടിക്കാലത്ത് കൃഷിയെ കുറിച്ച് മാതാപിതാക്കളിൽ നിന്നും നേടിയ അറിവാണ് ജലജയുടെ കാർഷികവൃത്തിക്ക് പ്രചോദനമായത്. ഭർത്താവിന്റെയും മക്കളുടെയും പ്രോത്സാഹനം കൂടിയായപ്പോൾ കൃഷി പരിപാലനം ഇഷ്ടപ്പെട്ട ഹോബിയായി. വിളവെടുപ്പിന്റെ ഉദ്ഘാടനം വെള്ളാറ്റഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എൻ. സോമനാഥൻ നിർവഹിച്ചു. വേലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. അബ്ദുൾ റഷീദ് വെങ്ങിലശ്ശേരി ഗ്രാമച്ചന്ത സെക്രട്ടറി സി.കെ. കിരൺ, എൻ.എം. ശകേഷ് തുടങ്ങിയവർ പങ്കെടുത്തു.

പച്ചക്കറികൾ

വെണ്ട

തക്കാളി

പച്ചമുളക്

കയ്പ

പടവലം

കാരറ്റ്

മല്ലിയില

പുതിനയില

കപ്പലണ്ടി

ബീൻസ്

പയർ

കൊത്തമര

ഇഞ്ചി

കക്കിരിക്ക

കോളിഫ്‌ളവർ

കാബേജ്

കൃഷിരീതി

ഗ്രോബാഗുകളിൽ മണ്ണ്, ചാണകം, ചകിരിച്ചോറ് എന്നിവയുടെ മിശ്രിതം നിറച്ച് അതിലാണ് തൈകൾ നടുന്നത്. കപ്പലണ്ടി പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, പച്ചച്ചാണകം തുടങ്ങിയ ജൈവവളങ്ങൾ മാത്രമാണ് കൃഷിക്ക് ഉപയോഗിക്കാറുള്ളത്. കീടബാധയുണ്ടാകുമ്പോൾ പുകയില കഷായം തുടങ്ങിയ ജൈവ കീടനാശിനികൾ ഉപയോഗിക്കും.