ബി.ജെ.പി അംഗങ്ങൾ പ്രമേയം കീറികളഞ്ഞു


തൃശൂർ: പൗരത്വ ഭേദഗതി നിയമത്തെചൊല്ലി കോർപറേഷൻ കൗൺസിൽ യോഗത്തിൽ ബഹളം. നിയമത്തെ അനുകൂലിച്ച ബി.ജെ.പിയുടെയും എതിരായി എൽ.ഡി.എഫ് - യു.ഡി.എഫ് അംഗങ്ങളുടെയും മുദ്രാവാക്യത്തിലും കൗൺസിൽ ഹാൾ ബഹളമയം. ഇതേച്ചൊല്ലി അരമണിക്കൂർ നേരം യോഗം അലങ്കോലമായി. നിയമ വിരുദ്ധമായ പ്രമേയത്തെ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് ബി.ജെ.പി ഇറങ്ങിപോക്ക് നടത്തി. തുടർന്ന് മറ്റ് ഭരണ- പ്രതിപക്ഷ അംഗങ്ങൾ ചേർന്ന് പ്രമേയം ചർച്ച ചെയ്തത് അംഗീകരിച്ചു.
കോൺഗ്രസിലെ 22 അംഗങ്ങൾ ഒപ്പിട്ട് നൽകിയ ആവശ്യമനുസരിച്ച് മേയർ വിളിച്ചുകൂട്ടിയ പ്രത്യേക കൗൺസിൽ യോഗമായിരുന്നു ഇന്ന്. ഹൈമാസ്റ്റ്, പാടം നികത്തി ബസ് സ്റ്റാൻഡ് നിർമ്മാണം, മാലിന്യ സംസ്‌കരണ കരാർ, മാസ്റ്റർ പ്ലാൻ എന്നീ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു യോഗം.
യോഗാരംഭത്തിൽ സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ച് പ്രസംഗം തുടങ്ങിയതോടെ എം.എസ്. സമ്പൂർണ്ണയുടെ നേതൃത്വത്തിൽ ബി.ജെ.പിയിലെ ആറ് അംഗങ്ങൾ പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ച് നടുത്തളത്തിലിറങ്ങി. ദേശവിരുദ്ധ പ്രമേയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളി ആരംഭിച്ചു.
അതേസമയം കോൺഗ്രസ് കൗൺസിലർമാർ ബി.ജെ.പിക്കും ഭേദഗതിക്കും എതിരായ എതിർ മുദ്രാവാക്യം തുടങ്ങി. സി.പി.എം കൗൺസിലർമാർ ഇന്ത്യയെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമം'' പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാനർ ഉയർത്തിയും കോൺഗ്രസ് അംഗങ്ങളോട് ചേർന്നും മുദ്രാവാക്യം വിളി ആരംഭിച്ചു.
മുദ്രാവാക്യം വിളിയിൽ അരമണിക്കൂർ നേരം യോഗം സ്തംഭിച്ചു. തുടർന്ന് പ്രമേയം കീറികളഞ്ഞ് ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി. ഈ സമയം പ്രമേയം യോഗം ചർച്ചക്കെടുത്തു. എൽ.ഡി.എഫ്- യു.ഡി.എഫ് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. ഇറങ്ങിപ്പോയ ബി.ജെ.പി അംഗങ്ങളിൽ വി. രാവുണ്ണിയും, വിൻഷി അരുൺകുമാറും അല്പസമയത്തിനകം തിരിച്ചെത്തി യോഗത്തിൽ പങ്കെടുത്തെങ്കിലും മറ്റ് നാല് ബി.ജെ.പി കൗൺസിലർമാരും തിരിച്ചുവന്നില്ല. മേയർ അജിത വിജയൻ അദ്ധ്യക്ഷനായി.