ചാലക്കുടി: കഴിഞ്ഞ എട്ടുവർഷം മുമ്പുവരെ എല്ലാ പുതുവർഷവും ചാലക്കുടിക്കാർക്ക് ഏറെ പ്രിയപ്പെട്ടതായികുന്നു. ചേനത്തുനാട്ടുകാർ നെഞ്ചിലേറ്റിയിരുന്ന ആ സുദിനം കലാഭവൻ മണിയുടെ ജന്മദിനമായിരുന്നു. ജനുവരി ഒന്നിന് മണിക്കൂടാരത്തിൽ ഈ ദിവസം പാവപ്പെട്ട നൂറുകണക്കിനാളുകൾക്ക് കൈനിറയെ സമ്മാനങ്ങളും ലഭിച്ചിരുന്നു. പാഡിയിലും മറ്റു കേന്ദ്രങ്ങളിലും വർണ്ണാഭമായ ആഘോഷങ്ങളും നടന്നതും ഇപ്പോഴും ചാലക്കുടിക്കാരുടെ മനസിലെ മായാത്ത കാഴ്ചകൾ.

കേക്കുമുറിച്ചതും ക്ഷണിക്കപ്പെട്ടും അല്ലാതെയും എത്തിച്ചേരുന്നവരുടെ വയറും മനസും നിറച്ച് മടക്കിയ മണിച്ചേട്ടൻ ഇന്നും അവരുടെ മനസിൽ മരിക്കാതെ നിൽക്കുന്നു. മണി ജീവിച്ചരുന്നെങ്കിൽ ഇന്നും ഏറെ സഹായങ്ങൾ കിട്ടുമായിരുന്നുവെന്ന് കാനറി നഗറിൽ പെട്ടിക്കട നടത്തുന്ന മല്ലിക പറയുന്നു. തൊടട്ടുത്ത കലാകാരൻ രവിയും മണിയെക്കുറിച്ച് ഓർത്തെടുത്തു. രോഗത്തിന്റെ പിടിയിലായ ഏതാനും വർഷം ജന്മദിന ആഘോഷത്തിൽ നിന്നും മണി വിട്ടു നിന്നു. നാൽപ്പത്തിനാലാം ജന്മ ദിനത്തിന് ശേഷമാണ് ഏറെക്കാലം തെന്നിന്ത്യൻ തിരശീലകളിൽ നിറഞ്ഞു നിന്ന ആ കലാകരൻ ആഘോഷങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങിയത്.

മരണത്തിന്റെ ദുരൂഹതകൾ പിന്നേയും ഏറം കോളിളക്കമുണ്ടാക്കി. പല ഏജൻസികൾക്ക് ശേഷം അന്വേഷണം സി.ബി.ഐയുടെ കൈകളിലുമെത്തി. ഒടുവിൽ അവരുടെ കണ്ടെത്തൽ മരണം സ്വാഭാവികമെന്നായതോടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ നടത്തിയ പോരാട്ടങ്ങൾക്ക് അന്ത്യമായി. ജ്യേഷ്ഠന്റെ മരണത്തിൽ ദുരൂഹതകളില്ലെന്ന കേന്ദ്ര ഏജൻസിയുടെ ഔദ്യോഗിക വെളിപ്പെടുത്തൽ ഈ വേളയിലായത് തികച്ചും സ്വാഭാവികം മാത്രം.