ചാലക്കുടി: പൂലാനി ബ്രാഞ്ച് കനാലിൽ വെള്ളം തുറന്ന് വിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മേലൂർ പഞ്ചായത്ത് കമ്മിറ്റിയുടെയും കർഷക മോർച്ചയുടെയും ആഭിമുഖ്യത്തിൽ ചാലക്കുടി ഇറിഗേഷൻ സബ് ഡിവിഷന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. കനാൽ വെള്ളം തുറന്നുവിടാത്തതിനാൽ കിണറുകൾ അടക്കമുള്ള ജലസ്രോതസുകൾ വറ്റിത്തുടങ്ങിയെന്നും കാർഷിക മേഖലയ്ക്ക് വലിയ നാശമാണ് സംഭവിക്കുന്നതെന്നും സമരക്കാർ പറഞ്ഞു.
ഒക്ടോബർ, നവംബർ മാസങ്ങളിൽ കനാലുകൾ വൃത്തിയാക്കി ഡിസംബർ ആദ്യവാരത്തോടെ വെള്ളം തുറന്ന് വിടുന്നതാണ് കീഴ്‌വഴക്കം. എന്നാൽ കനാലുകൾ വൃത്തിയാക്കുന്ന പ്രവൃത്തികൾ ഡിസംബർ അവസാന വാരത്തോടെയാണ് ആരംഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കനാലുകൾ ശുചീകരിച്ച് വെള്ളം തുറന്ന് വിടുമ്പോഴേക്കും പ്രദേശത്ത് കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടാവുക എന്ന്
സമരക്കാർ പറഞ്ഞു. ഇനിയും ബന്ധപ്പെട്ടവർ അനാസ്ഥ തുടർന്നാൽ ശക്തമായ സമരപരിപാടികൾക്ക് സംഘടിപ്പിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എ. സുരേഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മേലൂർ പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് പി.ആർ. അദ്ധ്യക്ഷനായി. ദാസൻ പി.ആർ, ഷാജു കോക്കാടൻ, കെ.എം. സുബ്രഹ്മണ്യൻ മാസ്റ്റർ, പഞ്ചായത്തംഗങ്ങളായ ശ്രീദേവി ജയൻ, അംബിക ബാബു എന്നിവർ സംസാരിച്ചു.