creshar-building
പത്ത് അടി ഉയരത്തില്‍ ചുറ്റുമതില്‍ നിര്‍മ്മിച്ച് അതിനുള്ളില്‍ നിര്‍മ്മാണം അവസാഘട്ടത്തിലെത്തിയ കെട്ടിടം

ചെങ്ങാലൂർ: ജനവാസ മേഖലയിൽ ക്രഷർ നവീകരണത്തിനായി സ്വകാര്യ വ്യക്തി നിർമിച്ചുകൊണ്ടിരുന്ന കെട്ടിട നിർമ്മാണം നാട്ടുകാരുടെ പരാതിയിൽ തഹസിൽദാർ താത്കാലികമായി നിറുത്തി വയ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് പതിനായിരം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കെട്ടിടം നിർമ്മിച്ചത്. അനുമതി ഇല്ലാതെ നിർമ്മിച്ച കെട്ടിടം ക്രമപ്പെടുത്തി നൽകണമെന്ന് ആവശ്യപ്പെട് ക്രഷർ ഉടമ പഞ്ചായത്തിന് നൽകിയ അപേക്ഷ പഞ്ചായത്ത്, ടൗൺ പ്ലാനർക്ക് കൈമാറി.

നിർമ്മാണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി അപേക്ഷ ഗ്രാമപഞ്ചായത്തിന് തിരിച്ചയച്ചു. പ്രത്യേക ഗ്രാമസഭ ക്രഷർ നവീകരണഞ്ഞിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെടുകയും നാട്ടുകാർ പ്രക്ഷോഭം നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന ക്രഷറിന്റെ കാര്യത്തിലാണ് അപേക്ഷ നൽകലും തിരിച്ചയക്കലും നടന്നിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പഞ്ചായത്ത് പ്രവർത്തനാനുമതി നിഷേധിക്കുകയും തുടർന്ന് വർഷങ്ങളോളമായി അടഞ്ഞുകിടന്നിരുന്നതുമായ ക്രഷറാണ് മറ്റൊരു വ്യക്തി വാങ്ങി നവീകരണപ്രവർത്തനം ആരംഭിച്ചത്.

അനധികൃതമായി കെട്ടിടം നിർമ്മിച്ചു കൊണ്ടിരിക്കെ അന്യസംസ്ഥാന തൊഴിലാളി ക്രെയിനിന്റെ വടം പൊട്ടി വീണ് മരിച്ചത് അടുത്തിടെയാണ്.പുതുക്കാട് പഞ്ചായത്ത് അധികൃതർ നാട്ടുകാരുടെ പരാതിക്ക് വേണ്ടത്ര പരിഗണന നൽകാത്തതാണ് കെട്ടിട നിർമ്മാണം ഇത്രയും പൂർത്തിയാക്കാൻ ഇടയാക്കിയത്. പിൻവാതിലിലൂടെ സ്ഥാപനത്തിന് അനുമതി വാങ്ങി പ്രവർത്തിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ജനരോഷം കണ്ടില്ലന്ന് നടിക്കുന്ന ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും സമൂഹത്തിൽ തുറന്ന് കാട്ടുമെന്നാണ് നാട്ടുകാർ പറയുന്നത്.