ഗുരുവായൂർ: ഗവർണർമാർ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടരുതെന്ന് മുൻ പ്രധാനമന്ത്രി ദേവഗൗഡ. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഗൗഡ. ഗവർണർ നിയമനങ്ങളെല്ലാം രാഷ്ട്രീയ താത്പര്യങ്ങൾക്ക് വിധേയമായാണ് നടക്കുന്നതെന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന പൗരത്വ നിയമം രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണ്. പൗരത്വ നിയമത്തെ ഒറ്റക്കെട്ടായി നേരിടുന്ന കേരളത്തെ അഭിനന്ദിക്കുന്നു. സംസ്ഥാന നിയമസഭ തന്നെ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയത് മാതൃകാപരമാണ്.
കേന്ദ്രം കൊണ്ടുവന്ന നിയമത്തിനെതിരെ 13 സംസ്ഥാനങ്ങൾ രംഗത്ത് വന്നു കഴിഞ്ഞു. ഇതിൽ ബി.ജെ.പിക്കൊപ്പമുള്ള ബിഹാറും ഒഡിഷയും ഗോവയുമെല്ലാമുണ്ട്. കശ്മീരിലെ സ്ഥിതിഗതികൾ വളരെ മോശമായിക്കഴിഞ്ഞു. വടക്ക് - കിഴക്ക് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളും മോശമാണ്. പൗരത്വ നിയമവും പൗരത്വപട്ടികയുമെല്ലാം വിവേചനങ്ങൾ നിറഞ്ഞതാണ്. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പ്രസ്താവനകൾ രാജ്യത്ത് ഉത്കണ്ഠാകുലമായ സാഹചര്യം സൃഷ്ടിക്കുകയാണ്. മതേതര ശക്തികളും ന്യൂനപക്ഷങ്ങളും ഇതിനെതിരെ ശക്തമായി രംഗത്ത് വരണം. കേരളം ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നത് ഏറെ ആഹ്ലാദകരമാണെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞു...