തൃശൂർ: കോർപറേഷൻ കൗൺസിൽ യോഗത്തെ ഞെട്ടിച്ച് സി.പി.എമ്മിലെ മുതിർന്ന നേതാവ് പി. കൃഷ്ണൻകുട്ടി പാർട്ടിയിലെ ഒരു വിഭാഗത്തിനെതിരേ രംഗത്ത്. തന്റെ വാക്കുകൾക്കു വില കൽപ്പിക്കാതെ സീനിയർ എന്നു പറഞ്ഞു കൊണ്ടുനടക്കാൻ ചിലർ നോക്കുകയാണെന്നായിരുന്നു തുറന്നടിച്ചത്. പാർട്ടി നിലപാടുകൾ പിന്തുടർന്നാണ് തീരുമാനങ്ങൾ എടുത്തിട്ടുള്ളതെന്നും അതു തുടരുമെന്നും വിശദീകരിച്ചു.
ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് മുതിർന്ന നേതാവിന്റെ തുറന്നുപറച്ചിൽ. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനു കരാർ നൽകാൻ കൃഷ്ണൻകുട്ടി മാസ്റ്റർ അദ്ധ്യക്ഷനായ പൊതുമരാമത്തു വർക്കിംഗ് കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഇതു വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയും പിന്തുണച്ചു. കൗൺസിലിൽ വിഷയം ചർച്ചയ്ക്കു വന്നപ്പോൾ ഒരുവിഭാഗം എതിർ നിലപാടെടുത്തു. ഇതോടെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഷീബ ബാബു, പി. സുകുമാരൻ എന്നിവരും ഇടഞ്ഞു. ഇതോടെ മുന്നണിയിൽ രാഷ്ട്രീയ പ്രതിസന്ധിയായി.
മേയർ മിനിറ്റ്‌സ് തയ്യാറാക്കിയതു തെറ്റായാണെന്നു ഷീബ ബാബു കടുത്തവിമർശനം ഉന്നയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു ടെൻഡർ വിളിക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. കെൽട്രോണിനു മുൻഗണന നൽകി ടെൻഡർ വിളിക്കണമെന്നാണ് സി.പി.എം ആവശ്യം. പൊതുമേഖലാ സ്ഥാപനങ്ങൾക്കു കരാർ നൽകണമെന്ന ആവശ്യത്തെ ബി.ജെ.പി പിന്തുണച്ചു.
ഡെപ്യൂട്ടി മേയർ റാഫി ജോസ് കെൽട്രോണിനു മാത്രമായി കരാർ നൽകുന്നതിനെ എതിർത്തു. ഒരു ഹൈമാസ്റ്റിനു 63,000 രൂപയോളം അധികചെലവു വരുന്നുവെന്നു ഡെപ്യൂട്ടി മേയർ പറഞ്ഞതു ബഹളത്തിനിടയാക്കി. സവിശേഷത വച്ചാണ് വിലനിർണയം വേണ്ടതെന്നു ഷീബ ബാബു ചൂണ്ടിക്കാട്ടി. ബഹളം മൂർച്ഛിച്ചതോടെ കൗൺസിൽ യോഗം മേയർ അജിത വിജയൻ പിരിച്ചുവിട്ടു.