ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മൂന്നാം അതിരുദ്ര മഹായജ്ഞത്തിന്റെ ഭാഗമയി നടത്തുന്ന പത്താം മഹാരുദ്ര യജ്ഞത്തിന് ഇന്ന് ആരംഭമാകും. ക്ഷേത്രം നടപ്പുരയിൽ പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കേരളത്തിലെ പ്രമുഖ വേദ പണ്ഡിതൻന്മാർ 11 വെള്ളി കലശങ്ങളിൽ പാൽ, തൈര്, അഷ്ടഗന്ധജലം, ഇളനീർ, ചെറുനാരാങ്ങനീർ, കരിമ്പിൻനീർ, നല്ലെണ്ണ, തേൻ, നെയ്യ്, പഞ്ചഗവ്യം, പഞ്ചാമൃതം തുടങ്ങിയ ദ്രവ്യങ്ങൾ നിറച്ച് ശ്രീരുദ്രമന്ത്രത്താൽ ചൈതന്യത്തെ ജീവകലശങ്ങളിലേക്ക് ആവാഹിച്ച് ഉഷ പൂജയ്ക്കു ശേഷം ഈ ജീവകലശങ്ങൾ മഹാദേവന് അഭിഷേകം ചെയ്യുന്നു.
മഹാരുദ്രത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ മഹാവിഷ്ണുവിനും, ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഭഗവതി എന്നിവർക്ക് നവകാഭിഷേകവും, നാഗക്കാവിൽ നാഗങ്ങൾക്ക് പാതിരിക്കുന്നത്ത് കുളപ്പുറത്ത് മനയ്ക്കൽ സദാനന്ദൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പ്രത്യേക സർപ്പബലിയും, കാലത്ത് നാഗപ്പാട്ട് എന്നിവയും ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കും. മഹാരുദ്രയജ്ഞത്തിന്റെ സമാപന ദിവസമായ ജനുവരി 11ന് രാവിലെ ഏഴിന് യജ്ഞ മണ്ഡപത്തിൽ 'വസോർധാര' (നെയ്യ് മുറിയാതെ ഹോമകുണ്ഡത്തിലേക്ക് ധാര നടത്തുന്നത്) ഉണ്ടായിരിക്കുന്നതാണ്. കേരളത്തിൽ തുടർച്ചയായി രണ്ട് അതിരുദ്ര മഹായജ്ഞവും, ആയതിനു ശേഷം മഹാരുദ്രയജ്ഞങ്ങളും നടത്തി വരുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം.
നടരാജ മണ്ഡപത്തിൽ നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം രാവിലെ 8.30ന് ക്ഷേത്രം തന്ത്രി നിർവ്വഹിക്കും. തുടർന്ന് ഗുരുവായൂർ ശശിമാരാരും സംഘവും അവതരിപ്പിക്കുന്ന കേളി, വൈകീട്ട് അഞ്ച് മുതൽ ഗുരുവായൂർ മുരളിയും സംഘവും അവതരിപ്പിക്കുന്ന നാദസ്വരം, 6.30 മുതൽ കലാനിലയം ഉദയൻ നമ്പൂതിരിയുടെ തായമ്പകയും അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ കാലത്ത് 9.30 മുതൽ ഭക്തി പ്രഭാഷണങ്ങൾ, 11 മുതൽ പാണിവാദരത്‌നം പ്രോഫ. കലാമണ്ഡലം ഈശ്വരനുണ്ണിയുടെ പാഠകം, നൃത്തനൃത്യങ്ങൾ, ഭക്തിഗാനസുധ, ഭക്തിഗാനമേള, വയലിൻ സോളോ, അഷ്ടപദിയാട്ടം, സംസ്ഥാന സ്‌കൂൾ കലോത്സവം2019 ഗുരവായൂരിലെ പ്രതിഭകളുടെ കാലവിരുന്ന്, സമ്പ്രദായ ഭജന, ബാലെ, മിഴാവിൽ മേളം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സമാപന ദിവസമായ ജനുവരി 11ന് വിപുലമായ പ്രസാദം ഊട്ടും ഉണ്ടായിരിക്കുന്നതാണ്.