തൃശൂർ : ആടിയും പാടിയും ആഘോഷപൂർവം നാട് പുതുവർഷത്തെ വരവേറ്റു. ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ വൻതിരക്കാണ് അനുഭവപ്പെട്ടത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആഘോഷം നടന്നു.
പുതുവർഷ പിറവിയുടെ ഭാഗമായി വാഹനങ്ങളിൽ ഹോൺ മുഴക്കിയും പടക്കം പൊട്ടിച്ചും ആഹ്‌ളാദം പങ്കിട്ടു. സമൂഹ മാദ്ധ്യമങ്ങൾ പുതുവർഷ ആശംസകളാൽ നിറഞ്ഞു. നഗരത്തിൽ നടക്കുന്ന ഹാപ്പി ഡേയ്‌സ് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ പുതുവർഷ പുലരിയാഘോഷം ശക്തൻ ബസ് സ്റ്റാൻഡിൽ നടന്നു. മന്ത്രി വി.എസ് സുനിൽകുമാർ പുതുവത്സര സന്ദേശം നൽകി. ഷോപ്പിംഗ് ഫെസ്റ്റിവൽ സ്‌പോൺസർമാരെ ചടങ്ങിൽ ആദരിച്ചു. മേയർ അജിത വിജയൻ , ജില്ലാ കളക്ടർ എസ്. ഷാനവാസ്, ജനറൽ കൺവീനർ ടി.എസ് പട്ടാഭിരാമൻ, ഡെപ്യുട്ടി മേയർ റാഫി പി. ജോസ് , ചേംബർ പ്രസിഡന്റ് ടി.ആർ വിജയകുമാർ ചടങ്ങിൽ സംബന്ധിച്ചു.
സ്റ്റീഫൻ ദേവസിയുടെ ബാൻഡ്, സിനിമാ താരം അനുശ്രീയുടെ നൃത്തം, ആട്ടം കലാസമിതിയുടെ മേള പെരുമ, ഡി- 4 ഡാൻസ് വിജയികളായ കുക്കു ,ജെറി എന്നിവരുടെ ബോളിവുഡ് ഡാൻസ്, അളിയൻസ് ടീമിന്റെ സിനിമാറ്റിക് ഡാൻസ് എന്നിവ ഉണ്ടായി.