വടക്കാഞ്ചേരി: പാർളിക്കാട് ബൈപ്പാസിന് വേണ്ടി വടക്കാഞ്ചേരി പള്ളി വികാരിയും ട്രസ്റ്റിമാരുമായും നഗരസഭ നടത്തിയ ചർച്ചയുടെ തീരുമാനപ്രകാരം തഹസിൽദാർ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന നടപടി ആരംഭിച്ചു. 279 മീറ്റർ ആണ് വിട്ടുതരുന്ന റോഡിന്റെ നീളം. എട്ട് മീറ്ററാണ് വീതി. 203 മീറ്റർ നീളം വടക്കാഞ്ചേരി പള്ളിയുടെയും 76 മീറ്റർ ക്ലെലിയ കോൺവെന്റിന്റേയുമാണ്.
തഹസിൽദാർ തയ്യാറാക്കുന്ന സ്‌കെച്ചിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, അനിൽ അക്കര എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യും. വടക്കാഞ്ചേരിയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് പുതുവർഷ സമ്മാനമായാണ് വടക്കാഞ്ചേരി പാർളിക്കാട് ബൈപാസ് റോഡ് യാഥാർത്ഥ്യമാകുന്നത്.
നഗരസഭാ വൈസ് ചെയർമാൻ എം.ആർ. സോമൻ നാരായണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം.ആർ. അനൂപ് കിഷോർ, എൻ.കെ. പ്രമോദ് കുമാർ. കൗൺസിലർമാരായ ടി.വി. സണ്ണി, പി. അരവിന്ദാക്ഷൻ സിന്ധു സുബ്രഹ്മണ്യന്, സരേന്ദ്രൻ പള്ളിവികാരി ഫ്രാൻസിസ് തരകൻ തഹസിൽദാർ പി.വി. റഫീഖ്, വില്ലേജ് ഓഫീസർ അനിതകുമാരി, പള്ളി ട്രസ്റ്റിമാരും പങ്കെടുത്തു