സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന നിലവാരമില്ലാത്ത ലാബുകൾ എല്ലാം ഉടനടി അടച്ചുപൂട്ടാൻ അധികൃതർ നടപടി കൈക്കൊള്ളണം. ഇത്തരം പരിശോധനശാലകൾ രോഗികളായവർക്ക് ഭീഷണിയാണ്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആവശ്യമായ യോഗ്യത പോലും കാണില്ല. സ്വകാര്യ ലാബുകൾ പരിശോധിച്ച് ഇവയ്ക്ക് റേറ്റിംഗ് കൊടുക്കുന്നത് ശുഭോദർക്കമാണ്. റേറ്റിംഗ് ഇല്ലാത്ത ലാബുകളെ പ്രവർത്തിക്കാൻ അനുവദിക്കരുത്.
അതിനോടൊപ്പംതന്നെ സർക്കാർ ആശുപത്രികളിലെ ലാബ് സൗകര്യങ്ങൾ വിപുലപ്പെടുത്തണം. യാതൊരു കാരണവശാലും സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് ചെല്ലുന്ന രോഗികളെ സ്വകാര്യ ലാബുകളിലേക്ക് പറഞ്ഞുവിടരുത്. സർക്കാർ ആശുപത്രികളിലെ ജീവനക്കാരും സ്വകാര്യ ലാബ് ഉടമകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തായ്‌വേര് മുറിച്ച് മാറ്റേണ്ടത് നാടിന്റെ ആവശ്യമാണ്.
സ്വകാര്യ ലാബുകളിലെ പരിശോധന ഫലത്തിൽ സംശയം തോന്നിയ ഡോക്ടർമാർതന്നെ പരിശോധന മറ്റൊരിടത്ത് ആവർത്തിച്ചതിലൂടെ രക്ഷപ്പെട്ടവർ നിരവധിയാണ്. സ്വകാര്യലാബുകളിലെ പരിശോധന ഫലത്തിൽ രോഗികൾക്ക് സ്വയം സംശയം തോന്നി, പരിശോധന ആവർത്തിക്കുമ്പോഴും കിട്ടുന്ന ഫലം ആരെയും ഞെട്ടിപ്പിക്കും. ഇത് ഇനിയും കേരളത്തിൽ ആവർത്തിക്കാൻ അനുവദിച്ചുകൂടാ.
അർബുദ രോഗമില്ലാതെ കീമോതെറാപ്പിക്ക് വിധേയയാകേണ്ടിവന്ന മാവേലിക്കര സ്വദേശി രജനിക്കുണ്ടായ തിക്താനുഭവം ഇനി മറ്റൊരാൾക്ക് ഉണ്ടാകരുത്.
രഞ്ജിത് ചാക്കോ,
ടി.സി, 14/1576
ഫോറസ്റ്റ് ഒാഫീസ് ലെയ്ൻ,
വഴുതക്കാട്, തിരുവനന്തപുരം.