കോവളം: തീരദേശമേഖലകളിൽ നിരോധിത പുകയില ഉല്പന്നങ്ങളുടെ കച്ചവടം വ്യാപകം. കോവളം, വിഴിഞ്ഞം, മുക്കോല, വെങ്ങാനൂർ, ഉച്ചക്കട, പയറ്റുവിള, ചൊവ്വര, മുല്ലൂർ എന്നീ മേഖലകളിൽ മാത്രം പതിനായിരത്തിൽപ്പരം ഇതര സംസ്ഥാനത്തൊഴിലാളികളാണ് താമസിക്കുന്നത്. നിരോധിക്കപ്പെട്ട പാൻപരാഗ്, ഹാൻസ് ഉൾപ്പെടെയുള്ളവ ക്യാമ്പുകളിൽ എത്തിച്ച് ലാഭം കൊയ്യുന്ന സംഘങ്ങൾ ഇപ്പോൾ കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞു. ജാർഖണ്ഡിൽ നിന്ന് കിലോക്കണക്കിന് കഞ്ചാവ് ട്രെയിൻ മാർഗം രഹസ്യമായികൊണ്ടുവന്ന് വിതരണം നടത്തിവന്ന സച്ചിൻ എന്ന നിർമലും ചോട്ടാഭായിയും പിടിയിലായെങ്കിലും കൂട്ടാളികളായ രണ്ടു പേർ പൊലീസ് എത്തിയ സമയം മുങ്ങിയിരുന്നു. ക്യാമ്പുകൾ നടത്തുന്നവർക്കും ഇവരെക്കുറിച്ച് ഒന്നുമറിയില്ല. അഞ്ച് വർഷമായി പയറ്റുവിളയിൽ താമസിക്കുന്ന പ്രതികളിൽ ചോട്ടാഭായിക്ക് ജാർഖണ്ഡിൽ സ്വന്തമായി കഞ്ചാവ് തോട്ടമുണ്ട്. വീട്ടുകാർ പാകപ്പെടുത്തി വയ്ക്കുന്ന കഞ്ചാവ് ആവശ്യാനുസരണം നാട്ടിൽ നിന്നുമെത്തിക്കുകയാണ് ഇയാളുടെ പതിവെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ഒരേ സമയം ഇരുപത് കിലോ വരെ കൊണ്ടുവരുന്ന സംഘങ്ങൾ താമസസ്ഥലമായ പയറ്റുവിളയിൽ വച്ച് ചെറിയ പൊതികളാക്കി ക്യാമ്പുകളിൽ എത്തിക്കും. താമസിക്കുന്നവരിൽ ബഹുഭൂരിപക്ഷം പേരും ലഹരിക്കടിമകളെന്നും ഇവർ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളിൽനിന്ന് നാട്ടുകാരായ യുവാക്കളും വ്യാപകമായി കഞ്ചാവ് കൈപ്പറ്റുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിഴിഞ്ഞം, വെങ്ങാനൂർ മേഖലകളിൽ ഒരാഴ്ച മുൻപും നാട്ടുകാരായ ലഹരി മാഫിയകൾ തമ്മിൽ തല്ലിയതും പൊലീസിന് തലവേദനയായി. ലഹരിയുടെ ഉറവിടം തേടിയുള്ള പൊലീസിന്റെ അന്വേഷണമാണ് ജാർഖണ്ഡ് സ്വദേശികൾ അകത്താകാൻ വഴിതെളിച്ചത്. സുരക്ഷയ്ക്കായി ഇതര സംസ്ഥാനക്കാരായ തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ക്യാമ്പു നടത്തിപ്പുകാർ ശേഖരിച്ച് സൂക്ഷിക്കണമെന്നും അധികൃതരെ അറിയിക്കണമെന്നുമുള്ള കാര്യങ്ങൾ പലരും പാലിക്കാറില്ല