കോവളം: ക്രിസ്മസ്-​പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് അതിർത്തി കടന്ന് കടൽമാർഗം വ്യാജ വൈനുകളും ലഹരി അരിഷ്ടങ്ങളും എത്തുന്നു. വിഴിഞ്ഞം, കരുംകുളം, അടിമലത്തുറ എന്നീ തീരദേശ മേഖലകളിലാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് രാത്രിയിൽ മത്സ്യബന്ധന യാനങ്ങളിൽ വൻതോതിൽ വ്യാജ വൈനുകളും ലഹരി അരിഷ്ടങ്ങളും എത്തുന്നത്. ആൽക്കഹോളിന്റെ അളവ് കൂടുതലായതിനാൽ ഇത്തരം വൈനുകളും അരിഷ്ടങ്ങളും വാങ്ങാൻ ആവശ്യക്കാർ ഏറെയാണ്. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഇടയിൽ ഹോട്ട് വൈൻ എന്നറിയപ്പെടുന്ന വീര്യം കൂടിയ വൈനുകൾ ഹിറ്റാണ്. അധികം പണച്ചെലവില്ലാതെ വാങ്ങാൻ കിട്ടുന്ന ഹോട്ട്‌വൈനുകൾ പെൺകുട്ടികൾക്കും ഏറെ പ്രിയമാണ്. ഇത്തരം വൈനുകൾക്ക് ഒരു കുപ്പിക്ക് 300 മുതൽ 500 രൂപ വരെയാണ് വില. ആഘോഷങ്ങളുടെ ഭാഗമായി വ്യാജമദ്യം ഒഴുകാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് എക്‌സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും വ്യാജ വൈനിന്റെ വ്യാപനം പ്രതിരോധിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ആവശ്യക്കാർക്ക് വീടുകളിൽ വൈൻ എത്തിച്ചു നൽകുന്ന തരത്തിലേക്ക് മൊബൈൽ ആപ്പ് വരെ ഇവർക്കുണ്ട്. തമിഴ്നാട്ടിൽ നിന്നു സ്വകാര്യ ബസുകളിലും വൈൻ തലസ്ഥാനത്ത് എത്തുന്നുണ്ട്. അതിർത്തി കടന്നാൽ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് മറ്റു സ്ഥലങ്ങളിലേക്ക് വൈൻ എത്തിക്കുന്നത്. വൈനിലടങ്ങിയിരിക്കുന്ന ലഹരിയുടെ തോതിനനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളിലെ വീടുകളിലും മറ്റുമാണ് വ്യാജവൈനുകൾ നിർമ്മിക്കുന്നത്. സാധാരണ ആഘോഷങ്ങൾക്ക് വേണ്ടി വീടുകളിൽ ഉത്പാദിപ്പിക്കുന്ന വൈനിൽ നിന്ന് വ്യത്യസ്തമായ ചേരുവകളാണ് ആൽക്കഹോൾ അടങ്ങിയ വൈനുകളിലുള്ളത്. വാറ്റുചാരായം നിർമ്മിക്കുന്ന മാതൃകയിലാണ് ഹോട്ട് വൈൻ തയ്യാറാക്കുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വൈൻ നിർമ്മിക്കാൻ അനുമതിയില്ല. ബിഷപ്പ് ഹൗസിന് മാത്രമാണ് ഇക്കാര്യത്തിൽ ഇളവ് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം രണ്ടിടത്ത് വ്യാജവൈൻ നിർമ്മിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയിരുന്നു.