ചൈനീസ് ആഭ്യന്തരയുദ്ധം നടക്കുന്ന സമയം. ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടികൾക്കെതിരെ നിലകൊണ്ടവരാണ് കുമിംതാങ് നാഷണലിസ്‌റ്റുകൾ. 1949ൽ മാവോ സെതൂങ്ങിന്റെ നേതൃത്വത്തിൽ പീപ്പിൾസ് റിപ്പബ്ലിക് ഒഫ് ചൈന രൂപീകൃതമായതോടെ കുമിംതാങ്ങ് പട്ടാളക്കാർ തായ്‌വാനിലേക്ക് പലായനം ചെയ്‌തു. തായ്‌വാനിൽ എത്തിയ കുമിംതാങ്ങ് പട്ടാളക്കാർക്കും കുടുംബങ്ങൾക്കും താമസിക്കാനായി നാൻടൺ ജില്ലയിലെ ടായ്ചുങ്ങിൽ താത്കാലിക ഭവനങ്ങൾ പണിതു. ചിലർ അവിടെ സ്ഥിര താമസമാക്കിയപ്പോൾ മറ്റു ചിലർ അവിടം ഉപേക്ഷിച്ച് പോയി. വർഷങ്ങൾ പിന്നിട്ടു. ഗ്രാമത്തിലെ താമസക്കാരുടെ എണ്ണം വിരലിൽ എണ്ണാവുന്നത് മാത്രമായി. അതോടെ 2007ൽ ഗ്രാമത്തിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ അധികൃതർ തീരുമാനിച്ചു. കുറേപ്പേർ സർക്കാരിൽ നിന്നും കിട്ടിയ തുകയുമായി ഗ്രാമത്തിൽ നിന്നും ഒഴിഞ്ഞു പോയി. എന്നാൽ ഹുയാങ് യുങ്ങ് ഫു എന്ന 86 കാരനായ മുൻ പട്ടാളക്കാരൻ അവിടം വിട്ട് പോകാൻ തയാറായില്ല. യുങ്ങ് ഫുവിനെ കൂടാതെ 11 കുടുംബങ്ങൾ മാത്രമാണ് ഗ്രാമത്തിൽ അപ്പോൾ ഉണ്ടായിരുന്നത്.
അതോടെ പ്രായത്തിന്റെ അവശതകൾ മറന്ന് യുങ്ങ് ഫു തന്റെ വീടിന് പുറത്തെ ഭിത്തിയിൽ ചിത്രങ്ങൾ വരയ്‌ക്കാൻ തുടങ്ങി. പിന്നീട് തന്റെ അയൽ വീടുകളിലും തുടർന്ന് ആ തെരുവ് മുഴുവനും യുങ്ങ് ഫു ചുവർ ചിത്രങ്ങൾ കൊണ്ട് നിറച്ചു. 1200 വീടുകളിൽ യുങ്ങ് ഫു ചുവർച്ചിത്രങ്ങൾ വരച്ചു. ചിത്രങ്ങളാൽ മനോഹരമായ ആ ഗ്രാമം കാണാൻ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ആളുകൾ ഒഴുകിയെത്തി. പ്രശസ്‌തി വർദ്ധിച്ചതോടെ ഗ്രാമം ഒരു ടൂറിസ്‌റ്റ് കേന്ദ്രമായി മാറി. മതിലുകളിൽ ചാടുന്ന കടുവ, വലിയ ഉണ്ടക്കണ്ണുകളുള്ള പാണ്ടകൾ, മയിൽ, പൂച്ചക്കുഞ്ഞുങ്ങൾ, പറക്കുന്ന ബഹിരാകാശ യാത്രികർ, നൃത്തം ചെയ്യുന്ന സമുറായികൾ തുടങ്ങി നിരവധി ചിത്രങ്ങൾ കൂട്ടത്തിലുണ്ട്.
അതോടെ ഈ ഗ്രാമം 'റെയിൻബോ ഫാമിലി വില്ലേജ് ' എന്നും യുങ്ങ് ഫു ' റെയിൻബോ ഗ്രാൻഡ്പാ ' എന്നും അറിയപ്പെടാൻ തുടങ്ങി. ലക്ഷക്കണക്കിന് പേരാണ് പ്രതിവർഷം റെയിൻബോ വില്ലേജ് കാണാനെത്തുന്നത്. ഇപ്പോൾ 97 വയസുള്ള യുങ്ങ് ഫുവിനെയും ഈ മഴവിൽ ഗ്രാമത്തിൽ കാണാനാകും.