കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സഹകരണ ബാങ്കും സംയുക്തമായി നടത്തുന്ന ‘'മുറ്റത്തെ മുല്ല'’ ലഘുവായ്പാ പദ്ധതിക്ക് മേനാപ്പാറ വാർഡിൽ തുടക്കം. ബ്ലേഡ് പലിശക്കാരുടെയും സ്വകാര്യ മൈക്രോ ഫിനാൻസ് കമ്പനികളുടെയും സാമ്പത്തിക ചൂഷണത്തിൽ നിന്നും സാധാരണക്കാരായ ജനങ്ങളെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഒരാൾക്ക് ആദ്യഘട്ടത്തിൽ 1000 മുതൽ 25000 രൂപ വരെ വായ്പ നൽകും. വീട്ടുമുറ്റത്തെത്തി ലളിതമായ നടപടിക്രമങ്ങളിലൂടെ ലഘുവായ്പ നൽകുകയും ആഴ്ചതോറും ലഘുവായ തിരിച്ചടവിലൂടെ തുക ഈടാക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം എൻ. സിയാദ് നിർവഹിച്ചു. കുടുംബശ്രീ സി.ഡി.എസ് അശ്വതി, കുടുബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.