ചിറയിൻകീഴ്: പഴഞ്ചിറ കുളത്തിന് സമീപത്തുകൂടി പോകുന്ന പി.‌‌ഡബ്ലിയു.ഡി റോഡിന് സുരക്ഷാ വേലി വേണമെന്ന ആവശ്യം ശക്തമാവുന്നു. ദിനം പ്രതി നൂറുക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പളളിമുക്ക്-വിളയിൽമൂല റോഡിന് സമീപത്താണ് പഴഞ്ചിറ കുളം സ്ഥിതി ചെയ്യുന്നത്. റോഡിന്റെ ഒരു വശത്താണ് നാലേക്കറോളം വരുന്ന കുളം സ്ഥിതിചെയ്യുന്നത്. മറു വശം വയലാണ്. തറ നിരപ്പിൽ നിന്ന് ഇരുപത് അടിയിലേറെ ഉയരത്തിലാണ് ഇവിടെ റോഡ് കടന്ന് പോകുന്നത്. ഇരുവശങ്ങളിലുമുള്ള കുത്തിറക്കമിറങ്ങിയാണ് വാഹനങ്ങൾ കുളത്തിന് സമീപത്തുള്ള റോഡിലെത്തുന്നത്. അരിഷ്ടിച്ച് രണ്ടു വാഹനങ്ങൾക്ക് കടന്നു പോകുവാൻ മാത്രം വീതിയുള്ള റോഡിൽ കണ്ണൊന്ന് തെറ്റിയാൽ കുഴിയിലേക്ക് മറിഞ്ഞതു തന്നെ. മുൻ കാലങ്ങളിൽ ഇവിടെ ഇത്തരത്തിൽ വാഹനാപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.

റോഡിനിരുവശവും കുറ്റിച്ചെടികൾ വളർന്നാൽ റോഡിന്റെ ശരിയായ വിസ്താരം അറിയാതെ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഡ്രൈവർമാർ പെടുന്നപാട് ചില്ലറയൊന്നുമല്ല. ഇരുപതിലേറെ സ്കൂളിലെ വാഹനങ്ങളാണ് ഇതു വഴി തലങ്ങും വിലങ്ങും പായുന്നത്. അതിനുപുറമേ സ്വകാര്യ ബസുകളുടെ റൂട്ടു കൂടിയാണിത്. ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള സുരക്ഷാ വേലി കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ കുളത്തിനെ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നതിനൊപ്പം ഒരു നീന്തൽ കുളം കൂടിയാക്കണമെന്ന ആവശ്യവും നിൽനിൽക്കുകയാണ്. ഈ വിഷയങ്ങളെല്ലാം ഉന്നയിച്ചുകൊണ്ട് ജന പ്രതിനിധികൾ ബന്ധപ്പെട്ട അധികൃതർക്ക് പരാതി.