കല്ലമ്പലം: കരവാരം പഞ്ചായത്തിലെ ഒന്നാം വാർഡിലുൾപ്പെട്ട നാറാണത്ത് ചിറയിലേക്കുള്ള ഇടറോഡിന്റെ ഇരുവശവും വളർന്ന പൊന്തകാടുകൾ വെട്ടി ബി.ജെ.പി റോഡ് ഗതാഗതയോഗ്യമാക്കി. നാട്ടുകാർ വിവരം പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ബി.ജെ.പി സ്വച്ഛ ഭാരത് പദ്ധതിയുടെ ഭാഗമായി റോഡിലെ പാഴ്ച്ചെടികൾ വെട്ടിമാറ്റി യാത്രയോഗ്യമാക്കി. വിവിധ സ്കൂളുകളിലും, കോളേജുകളിലും പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികളും കല്ലമ്പലത്തെ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വനിതകളും, കശുവണ്ടി തൊഴിലാളികളും യഥേഷ്ടം സഞ്ചരിക്കുന്ന റോഡിൽ യാത്ര വലിയ ബുദ്ധിമുട്ടായിരുന്നു. നിത്യേന മുന്നൂറോളം പേർ ആശ്രയിക്കുന്ന റോഡിൽ സന്ധ്യയായാൽ കൂരിരുട്ടാണ്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായിരുന്നു. സമീപത്ത് നാറാണത്തു ചിറ കഴിഞ്ഞാൽ വിജനമായ പ്രദേശമായതിനാൽ കാടിന്റെ മറവിൽ മാലിന്യങ്ങൾ തള്ളുന്നതും പതിവായിരുന്നു. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ അടുത്ത സമയത്ത് കുട്ടികളെ ആക്രമിച്ച സംഭവത്തെ തുടർന്ന്‍ പ്രതിഷേധം ശക്തമായെങ്കിലും അധികൃതർക്ക് അനക്കമുണ്ടായില്ല. ഇഴജന്തുക്കളുടെ ശല്യം ഭയന്ന്‍ വിദ്യാർഥികളെ രക്ഷകർത്താക്കൾ കൊണ്ടാക്കുകയും തിരികെ വിളിച്ചുകൊണ്ടു വരികയും ചെയ്യേണ്ടസ്ഥിതിയായിരുന്നു. മറ്റ് വാർഡുകളിൽ നവീകരണ പ്രവർത്തനങ്ങളും ശുചീകരണവും തകൃതിയായി നടക്കുമ്പോഴും ഗ്രാമപ്രദേശത്തേയ്ക്കും, കോമല്ല ഏലായിലേക്കുമുള്ള പ്രധാന സഞ്ചാരപാതയെ തികച്ചും അധികൃതർ അവഗണിച്ചതായാണ് ആരോപണം. ബി.ജെ.പി ദക്ഷിണമേഖല ഉപാധ്യക്ഷൻ തോട്ടക്കാട് ശശി ഉദ്ഘാടനം ചെയ്തു. കല്ലമ്പലം ഉല്ലാസ്, രാജീവ്, ബാബു, രാജേഷ്, അനിൽ എന്നിവർ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.