trade-union

ചിറയിൻകീഴ്: കേന്ദ്രനയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജനുവരി 8ന് നടത്തുന്ന അഖിലേന്ത്യാ പൊതുപണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ആറ്റിങ്ങൽ ഏരിയാ കൺവെൻഷൻ തീരുമാനിച്ചു. ചിറയിൻകീഴ് സ്വാമിജി ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ. രാമു ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് കിഴുവിലം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ. സുഭാഷ് ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. 31ന് രാവിലെ 9.30ന് ആറ്റിങ്ങൽ മാമത്ത് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ നയിക്കുന്ന ജാഥയ്ക്ക് സ്വീകരണം നൽകും. ജനുവരി 3, 4, 5 തീയതികളിൽ ട്രെയിനിലും ബസുകളിലും മാർക്കറ്റുകളിലും പണിമുടക്കിന്റെ പ്രാധാന്യം വിശദീകരിക്കും.ജനുവരി 6,7 തീയതികളിൽ പന്തം കൊളുത്തി പ്രകടനവും 8ന് ആറ്റിങ്ങലിൽ തൊഴിലാളികളുടെ പ്രകടനവും രാവിലെ 8 മുതൽ വൈകിട്ട് 6വരെ കച്ചേരി നടയിലെ സമരകേന്ദ്രത്തിൽ യോഗങ്ങളും കലാപരിപാടികളും ഉണ്ടാകും.
അഡ്വ. ആറ്റിങ്ങൽ ജി. സുഗുണൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.വി. കനകദാസ്, സി. പയസ്, പി. മണികണ്ഠൻ (സി.ഐ.ടി.യു ), പി. ഉണ്ണികൃഷ്ണൻ, ചെറുനാരകംകോട് ജോണി, എസ്. ശ്യാംനാഥ് (ഐ.എൻ.ടി.യു.സി), മനോജ് ബി.ഇടമന, കോരാണി വിജു (എ.ഐ.ടി.യു.സി), കെ.എസ്. ബാബു (എച്ച്.എം.എസ്), ശ്രീജിത്ത് (ജെ.ടി.യു.സി) തുടങ്ങിയവർ സംസാരിച്ചു. എ.ഐ.ടി.യു.സി നേതാവ് മണമ്പൂർ ഗോപകുമാർ സ്വാഗതവും സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം വി. വിജയകുമാർ നന്ദിയും പറഞ്ഞു.