ആറ്റിങ്ങൽ: തൊഴിലുറപ്പ് പദ്ധതി അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ തൊഴിലാളികൾ ദേശവ്യാപകമായി സമരത്തിന്. ഇതിന്റെ ഭാഗമായി 10ന് രാജ്ഭവനിലേക്കും ജില്ലാ ആസ്ഥാനങ്ങൾക്കു മുന്നിലും സമരം സംഘടിപ്പിക്കുമെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. കൊല്ലം,​ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികൾ 10ന് രാവിലെ 10ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും.

നാലു മാസമായി 14 ലക്ഷത്തോളം തൊഴിലാളികൾക്ക് 800 കോടി രൂപ കുടിശിക നൽകാനുണ്ട്. 40 ശതമാനം ആസ്തി വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ ഏറ്റെടുക്കണമെന്നുള്ള കേന്ദ്ര തീരുമാനത്തെത്തുടർന്ന് തൊഴുത്തുനിർമ്മാണം, ആട്ടിൻ കൂട്, കോഴിക്കൂട് നിർമ്മാണം, സിമന്റ് ബ്ലോക്കുകൾ,​ ഇന്റർലോക്ക് തുടങ്ങിയവയുടെ നിർമ്മാണ സാമഗ്രികൾ ഇറക്കിയതിന്റെ തുക ഗ്രാമപഞ്ചായത്തുകൾക്ക് കുടിശികയാണ്. തുച്ഛമായ വരുമാനമാണ് തൊഴിലാളികൾക്ക്. വരുമാനം 600 രൂപയാക്കണമെന്നും, കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീ തൊഴിലാളികളാണ് ഈ രംഗത്ത് പണിയെടുക്കുന്നതെന്ന് മനസിലാക്കി തൊഴിൽ സമയം 9 മണി മുതൽ നാല് മണി വരെ ആക്കണമെന്നും, പ്രായംചെന്ന തൊഴിലാളികൾക്കായി ഒരു സമഗ്ര പെൻഷൻ പദ്ധതി ഏർപ്പെടുത്തണമെന്നും, തൊഴിൽ ദിനങ്ങളുടെ എണ്ണം 250 ദിവസമായി വർദ്ധിപ്പിക്കണമെന്നും, കയർ,​ കൈത്തറി,​ ക്ഷീരകർഷകർ എന്നിവരെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും, നഗരങ്ങളിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കൂടുതൽ വിപുലീകരിക്കണമെന്നും കൂലി കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും, തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ അഡ്വ. മടവൂർ അനിലിന്റെ നേതൃത്വത്തിൽ വാഹനജാഥ സംഘടിപ്പിക്കും. ഇന്ന് രാവിലെ 9 ന് ജില്ലാ സെക്രട്ടറി സി. അജയകുമാർ ജാഥ ഉദ്ഘാടനം ചെയ്യും. രാജ്ഭവൻ മാർച്ചും ജാഥയും വിജയിപ്പിക്കുന്നതിന് ആറ്റിങ്ങൽ സി.പി.എം ഓഫീസിൽ ചേർന്ന മേഖലാ കൺവെൻഷൻ യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. ശൈലജ ബീഗം ഉദ്ഘാടനം ചെയ്തു. അഡ്വ. മടവൂർ അനിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം. ലാജി, ജി. വിജയകുമാർ, എസ്. പ്രവീൺ ചന്ദ്ര, തങ്കമണി എന്നിവർ സംസാരിച്ചു.