ആറ്റിങ്ങൽ: ആറ്റിങ്ങൽ നിവാസികളുടെ സ്വപ്‌ന പദ്ധതിയായ ബൈപാസ് നിർമ്മാണം നീളുന്നു. ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം മുതൽ മാമം വരെയുള്ള ആറ്റിങ്ങൽ ബൈപാസ് ഉൾപ്പെടുന്ന ദേശീയപാത വികസനം കാസർകോട് - തിരുവനന്തപുരം പാത വികസനത്തിന്റെ ഭാഗമായതോടെ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ കിഴിലായതോടെ ഇനി നടപടികൾ ആദ്യം മുതൽ തുടങ്ങേണ്ട അവസ്ഥയിലാണ്. പദ്ധതിയുടെ ഭാഗമായി മാമം മുതൽ കഴക്കൂട്ടം വരെയുള്ള ഭാഗത്തെ സർവേ നേരത്തേ പൂർത്തിയായിരുന്നു. സമയ പരിധിക്കുള്ളിൽ സർവേ നടപടികൾ പൂർത്തീകരിക്കാൻ സംസ്ഥാന സർക്കാർ ശക്തമായ ഇടപെട്ടിരുന്നു. തുടർന്ന് കടമ്പാട്ടുകോണം - കഴക്കൂട്ടം പാത വികസനത്തിന്റെ ഭൂമിയേറ്റെടുക്കുന്നതിനുള്ള രേഖകൾ ദേശീയപാത വികസന അതോറിട്ടിക്ക് റവന്യൂ വിഭാഗം കൈമാറുകയും ചെയ്‌തു. രണ്ട് സ്‌പെഷ്യൽ താലൂക്ക് ഓഫീസിന്റെ കീഴിലാണ് നടപടികൾ പൂർത്തീകരിച്ചത്. 3എ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്ന ദിവസം സർവേ പൂർത്തിയാക്കി സമർപ്പിച്ചപ്പോഴാണ് ബൈപാസ് ദേശീയപാത പദ്ധതിയുടെ ഭാഗമാക്കിയെന്ന അറിയിപ്പ് ലഭിച്ചത്. മൂന്നു തവണയാണ് 3എ വിജ്ഞാപനത്തിന് നിർദ്ദേശം വന്നത്. റവന്യൂ വകുപ്പ് കൈമാറിയിരിക്കുന്ന രേഖകൾ ദേശീയപാത വിഭാഗം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന് കൈമാറുന്നതോടെ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാകും. ബി. സത്യൻ എം.എൽ.എയുടെ ശ്രമഫലമായി റവന്യൂമന്ത്റിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നാണ് പദ്ധതിക്കായി ആറ്റിങ്ങലിൽ സ്‌പെഷ്യൽ താലൂക്ക് ഓഫീസ് അനുവദിച്ചത്.ഭൂമി ഏറ്റെടുക്കുന്നതിനുളള ചെലവിന്റെ 25 ശതമാനം കിഫ്ബി വഴി അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു.
പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്
------------------------------------------------------
1332 സബ്ഡിവിഷനുകൾ
50.8763 ഹെക്ടർ ഭൂമി
കടമ്പാട്ടുകോണം മുതൽ മാമം വരെ 45 മീറ്റർ
വീതിയിൽ 17 കിലോമീറ്റർ റോഡ്
അഴിയാക്കുരുക്കിൽ ആറ്റിങ്ങൽ
----------------------------------------------------
ബൈപാസ് വികസനം നീളുന്നത് ആറ്റിങ്ങലിലെ യാത്രക്കാരെ വലയ്ക്കുകയാണ്. തിരുവനന്തപുരത്തിനും കൊല്ലത്തിനും മദ്ധ്യേ ഗതാഗതകുരുക്ക് പതിവായ സ്ഥലമാണ് ആറ്റിങ്ങൽ. രാവിലെയും വൈകിട്ടും ആറ്റിങ്ങൽ കടക്കണമെങ്കിൽ വാഹനയാത്രക്കാർ കഷ്ടപ്പെടും. കുരുക്ക് ഒഴിവാക്കാൻ സ്വകാര്യ ബസ് സ്റ്റാൻഡ് മാമത്തേക്ക് മാറ്റണമെന്ന നിർദ്ദേശം വന്നെങ്കിലും ഭൂമിയെച്ചൊല്ലിയുള്ള തർക്കം കാരണം ഇക്കാര്യത്തിൽ അനുകൂല നടപടിയായില്ല.
3ഡി നോട്ടിഫിക്കേഷൻ ഇറക്കി പാസാക്കിയാലേ പദ്ധതി ആരംഭിക്കാൻ കഴിയൂ. 2018 ആഗസ്റ്റിലാണ് അവസാനമായി 3എ നോട്ടിഫിക്കേഷൻ ഇറക്കിയത്. പുതിയ വിജ്ഞാപനത്തിനായി നടപടികൾ ആദ്യം മുതൽ തുടങ്ങണം.അടുത്ത വിജ്ഞാപനത്തിന് നടപടി തുടങ്ങിയതായി കേന്ദ്രമന്ത്റി നിതിൻഗഡ്കരി അറിയിച്ചിട്ടുണ്ട്.
അടൂർ പ്രകാശ് എം.പി