
തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടർന്ന്, കടലിലെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പ്രഖ്യാപിച്ച മറൈൻ ആംബുലൻസ് പദ്ധതി അവഗണനയുടെ ചുഴിയിൽ. കൊച്ചി കപ്പൽശാലയിൽ മൂന്ന് മറൈൻ ആംബുലൻസുകൾ നിർമ്മിക്കാൻ 2018 മാർച്ചിൽ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഇതുവരെ ഒന്നിന്റെ നിർമ്മാണം പോലും കഴിഞ്ഞില്ല.
ഒരു വർഷത്തിനകം മറൈൻ ആംബുലൻസുകൾ കടലിലിറക്കാനുള്ള പദ്ധതി പാളിയതോടെ കാലാവധി ഒന്നര വർഷമെന്നാക്കി. ആദ്യ ആംബുലൻസ് ജനുവരിയിൽ ഇറങ്ങുമെന്നാണ് ഇപ്പോൾ പറയുന്നത്. 18.24 കോടി ചെലവു വരുന്ന പദ്ധതിക്ക് ബഡ്ജറ്റിൽ രണ്ടു കോടിയും ഓഖി ദുരിതാശ്വാസ നിധിയിൽ നിന്ന് 7.36 കോടി രൂപയും അനുവദിച്ചിരുന്നു. 6.08 കോടിയാണ് ഒരു ആംബുലൻസിന്റെ വില. ഒരെണ്ണം ബി.പി.സി.എൽ സ്പോൺസർ ചെയ്യും. കൊച്ചി കപ്പൽ നിർമ്മാണ ശാല 3.04 കോടി നൽകും. പദ്ധതി വിലയിരുത്തിയ ശേഷം വിപുലീകരിക്കാനായിരുന്നു തീരുമാനം.
2013 ലെ ബഡ്ജറ്റിൽത്തന്നെ മറെെൻ അംബുലൻസ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. നിലവിൽ കടലിൽ അപകടങ്ങളുണ്ടായാൽ മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ബോട്ടാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ആധുനിക സൗകര്യങ്ങളില്ലാത്ത കാലപ്പഴക്കം ചെന്ന ഇവയ്ക്ക് പകരമുള്ളതാണ് പുതിയ പദ്ധതി.
മറൈൻ ആംബുലൻസ്
രണ്ടുപേരെ കിടത്തി കൊണ്ടുവരാം
പത്തു പേർക്ക് സഞ്ചരിക്കാം
പാരാ മെഡിക്കൽ സ്റ്റാഫിന്റെ സേവനം
ബോട്ട് കെട്ടിവലിക്കാനാകും
മോശം കാലാവസ്ഥയിലും രക്ഷാപ്രവർത്തനം
കടലിൽ മുങ്ങിപ്പോയ മൃതദേഹം ഉയർത്തിയെടുക്കും
വയർലെസ് സാറ്റലൈറ്റ് ഫോൺ സംവിധാനങ്ങൾ
22 മീറ്റർ നീളം, 14 നോട്ടിക്കൽ മൈൽ വേഗത
ചെലവ്
ആകെ ചെലവ് - 18.24 കോടി രൂപ