general

ബാലരാമപുരം: ക്ലാസ് മുറിക്ക് സമീപത്തെ ചവറുകൂന പാമ്പുകളുടെ വിശ്രമസങ്കേതമാകുന്നു. ബാലരാമപുരം ഹയർസെക്കൻഡറി സ്കൂളിൽ പ്രീ-കെജി കെട്ടിടത്തിൽ ഭയപ്പാടോടെയാണ് കുരുന്നുകൾ കഴിയുന്നത്. ഏത് സമയവും ജനാല വഴി ഇഴജന്തുക്കൾക്ക് ക്ലാസിനകത്തു കയറാൻ തക്കമുള്ള സാഹചര്യമാണ് ഇവിടെയുള്ളത്. നിർമ്മാണം പൂർത്തിയാവുന്ന പുതിയ ഹയർസെക്കൻഡറി കെട്ടിടത്തിന്റെ ഇലക്ട്രിക് സംവിധാനം താത്കാലികമായി ഘടിപ്പിച്ചിരിക്കുന്നതും കുരുന്നുകൾ പഠിക്കുന്ന ക്ലാസ് റൂം ചുമരിലെന്നതും വെല്ലുവിളിയുയർത്തുന്നു. കൈകഴുകാനല്ലാതെ വിദ്യാർത്ഥികളെ ചവർ കൂനയിലേക്കോ ഇലക്ട്രിക് വയർ ഘടിപ്പിച്ചിരിക്കുന്ന ഭാഗത്തേക്കോ അയക്കില്ലെന്നാണ് അദ്ധ്യാപിക നൽകുന്ന വിശദീകരണം. സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ക്ലാസുകൾ മാറ്റിയിട്ടുണ്ട്. എന്നാൽ പ്രീ-കെജി കുട്ടികളുടെ പഠനസാഹചര്യം നോക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. ഹയർസെക്കൻ‌ഡറി വിദ്യാർത്ഥികൾ പഠിക്കുന്ന ക്ലാസ് റൂം ചുമരിനോട് ചേർന്നും കാട് പിടിച്ച നിലയിലാണ്. സുൽത്താൻ ബത്തേരി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷെഹല ഷെറിൻ മരിച്ച സംഭവത്തെ തുടർന്ന് സ്കൂളും പരിസരവും അടിയന്തരമായി വൃത്തിയാക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ട് പോലും യാതൊരുവിധ നടപടിയും കൈക്കൊള്ളുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. പോയവാരം പി.എസ്.സിയുടെ വില്ലേജ് എക്സ്റ്റൻഷൻ പരീക്ഷ നടന്നപ്പോഴും പരീക്ഷ ഹാളുകൾ വൃത്തിഹീനമായിരുന്നു. പരീക്ഷ നടക്കുന്ന സമയങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് കാന്റീനിൽ കുടിവെള്ളം, ശുചിത്യം,​ മറ്റ് ഭൗതീക സാഹചര്യം ഒരുക്കുന്നതിനും അതത് സെന്ററുകൾക്ക് പി.എസ്.സി തുക അനുവദിച്ച് നൽകുന്നുണ്ട്. എന്നാൽ പരീക്ഷഹാളിലെ വൃത്തീഹീനമായ അന്തരീക്ഷം ഉദ്യോഗാർത്ഥികളുടെ പ്രതിഷേധത്തിനിടയാക്കി. ഡ്യൂട്ടിക്ക് എത്തിയ പി.എസ്.സി ഉദ്യോഗസ്ഥൻ ഇടപെട്ടാണ് ക്ലാസ് മുറികൾ വൃത്തിയാക്കാൻ സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. സ്കൂളിൽ പി.ടി.എ നിലവിലുണ്ടെങ്കിലും ശുചിത്വത്തിന്റെ കാര്യത്തിൽ കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.