കാട്ടാക്കട: മികച്ച സാമൂഹിക സാംസ്കാരിക യുവജന സന്നദ്ധ സംഘടനയ്ക്കുള്ള കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയത്തിന്റെ പുരസ്കാരം പൂഴനാട് ഭാവന സാംസ്കാരിക കേന്ദ്രത്തിന്. മാതൃകപരമായ പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ മേഖലയിൽ നടത്തിയ ഇടപെടലുകളാണ് 2017-18 ലെ പുരസ്ക്കാരത്തിന് ഭാവനയെ അർഹമാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. പൂഴനാട് നീരാഴികോണം കേന്ദ്രമാക്കി കഴിഞ്ഞ 28വർഷമായി ഒരു ഗ്രാമത്തിന്റെ ഹൃദയതാളമായി മാറുകയാണ് ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രം. ചുരുങ്ങിയ കാലയളവിൽ 14,000 പുസ്തകങ്ങളുമായി എ പ്ലസ് ഗ്രന്ഥശാലയായി മാറുകയും സംസ്ഥാനത്തെ ഏറ്റുവും മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഈ വർഷത്തെ ഐ.വി.ദാസ് പുരസ്കാരം ഉൾപ്പെടെ 6ൽപ്പരം പ്രധാനപ്പെട്ട പുരസ്കാരങ്ങളാണ് ഭാവനയെ തേടി ഈ വർഷം എത്തിയത്. ഹരിശ്രീ വിദ്യാഭ്യാസ പദ്ധതി, ഹരിതഗ്രാമം, എന്റെ മരം ഭൂമിക്കായ്, സൗഹൃദ സായാഹ്നം ചർച്ച വേദി, തുടർവിദ്യാകേന്ദ്രം, സംഗീത ക്ലാസ്, രക്തദാന ക്യാമ്പ്, അക്ഷര സാന്ത്വനം അവയവദാന ബോധവത്കരണ യാത്ര, വിവിധ മെഡിക്കൽ ക്യാമ്പുകൾ, വീട്ടിൽ ഒരു നെല്ലി, മത്സര പരീക്ഷ പരീശീലനം തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും നടത്തിയ ഇടപെടലുകളാണ് ഭാവനയെ ശ്രദ്ധാകേന്ദ്രമാക്കുന്നത് സാമൂഹ്യ വികസനം പോളിടെക്നിക്കിലൂടെ എന്ന പദ്ധതി പ്രകാരം നെയ്യാറ്റിൻകര പോളിടെക്നിക്കുമായി സഹകരിച്ച് നടപ്പിലാക്കുന്ന പേപ്പർ ബാഗ്, ബാഗ്, സോപ്പ്, മെഴുക് തിരി നിർമ്മാണം തുടങ്ങിയ പരീശീലനങ്ങൾ വനിതകൾക്ക് കരുത്തായപ്പോൾ സൗജന്യ ഇലട്രിക് വയറിംഗ് പരീശീലനം യുവാക്കൾക്കും കൈതാങ്ങാകുകയാണ്. ജാതി, മത രാഷ്ട്രീയ വ്യത്യാസങ്ങൾക്കപുറമുള്ള ഭാവനയുടെ കൂട്ടായ്മകൊണ്ടാണ് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്നതെന്ന് ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ പറയുന്നു.