കല്ലമ്പലം: പള്ളിക്കൽ സി.എച്ച്.സിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതും, ഉള്ള ഡോക്ടർമാർ സമയത്തെത്താത്തതും രോഗികളെ വലയ്ക്കുന്നു. സ്ഥിരമായി ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ മറ്റ് ആശുപത്രിയെ ആശ്രയിക്കുന്നതിനാൽ ഇവിടെ രോഗികളുടെ വരവും കുറഞ്ഞു. രണ്ടര മാസം മുൻപ് വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തെ തുടർന്ന് ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനങ്ങൾ താളം തെറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർമാരുടെ അഭാവം മൂലം ആശുപത്രി പ്രവർത്തനം ഇഴയുന്നത്. കൈയേറ്റം ചെയ്ത ഡോക്ടറെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്‍ വർക്കിംഗ് അറേഞ്ച്മെന്റ് പ്രകാരം വാമനപുരത്തേക്ക് മാറ്റിയെങ്കിലും അവർ ശമ്പളം വാങ്ങുന്നത് പള്ളിക്കൽ സി.എച്ച്.സിയിൽ നിന്നാണ്. മാറ്റിയ ഡോക്ടറുടെ ഒഴിവ് ഔദ്യോഗികമായി പള്ളിക്കൽ സി.എച്ച്.സിയിൽ വന്നിട്ടുമില്ല. അതിനാൽ പകരം സംവിധാനം ഏർപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണ്.
ജീവിത ശൈലീരോഗങ്ങളുടെ മരുന്ന്‍ വിതരണം നടത്തുന്ന ദിവസങ്ങളിൽ 350ൽപ്പരം രോഗികളാണിവിടെ വന്നു പോകുന്നത്. മൂന്നു ഡോക്ടർമാരുണ്ടായാൽ പോലും ഇവരെ വേണ്ട രീതിയിൽ പരിശോധനയ്ക്ക് വിധേയമാക്കാൻ സാധിക്കാറില്ല.
മൂന്നു ഡോക്ടർമാരുള്ളതിൽ ചിലർ അത്യാവശ്യമായി ലീവെടുക്കുമ്പോൾ പ്രശ്നം രൂക്ഷമാകാറുണ്ടെന്നും. ആശുപത്രിയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി അഡ്വ. വി. ജോയി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 2 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം അടുത്തിടെയാണ് നടന്നത്. ഇത് പൂർത്തിയാകുന്നതോടെ ജീവനക്കാരുടെ എണ്ണവും സൗകര്യങ്ങളും പതിന്മടങ്ങ് വർദ്ധിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.