ബാലരാമപുരം: തലയൽ ശിവക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ റെയിൽവേ അധീനതയിലുള്ള കലുങ്ക് തകർന്ന സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തു നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ കലുങ്ക് നിർമ്മിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എം.വിൻസെന്റ് എം.എൽ.എ അറിയിച്ചു.കലുങ്ക് നിർമ്മാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുമ്പാണ് റെയിൽവേ ടണലിന് സമീപമുള്ള കലുങ്ക് പൊടുന്നനെ ഇടിഞ്ഞു താഴ്ന്നത്.പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി, വാർഡ് മെമ്പർ എം.ഐ മിനി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചിരുന്നു.കഴിഞ്ഞ ദിവസം റെയിൽവേ സീനിയർ സെക്ഷൻ എൻജിനിയർ ഗോഡ് വിൻ മോസസ് എം.എൽ.എയോടൊപ്പം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.നിരവധി യാത്രക്കാരുടെ ആശ്രയമായ കലുങ്ക് അടിയന്തരമായി നവീകരിക്കണമെന്ന് നാട്ടുകാർ റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനിയറോട് ആവശ്യപ്പെട്ടു.പ്രോജക്ട് തയ്യാറാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് മേൽനടപടികളുമായി മുന്നോട്ടു പോകാൻ കാലതാമസം വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ നാട്ടുകാരെ അറിയിച്ചത്. എന്നാൽ ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിന് മുന്നോടിയായി കലുങ്ക് നിർമ്മാണം പൂർത്തീകരിക്കണമെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പി.കരുണാകരൻ,കമ്മിറ്റി അംഗങ്ങളായ അമ്പിളിക്കുട്ടൻ, അനി, ശ്രീകുമാർ, ഹരികുമാർ, വാർഡ് മെമ്പർ എം.ഐ മിനി എന്നിവർ എം.എൽ.എയോടും റെയിൽവേ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.കലുങ്കിനോട് ചേർന്നുള്ള വഴിയും തകർന്നതിനാൽ രാത്രികാലങ്ങളിൽ വാഹനയാത്രികർക്ക് യാത്ര വെല്ലുവിളിയായി മാറിയിരിക്കുകയാണ്.