manavadarshanam

ഒരു അമേരിക്കൻ സന്ദർശനവേളയിൽ ചില സുഹൃത്തുക്കളുമൊത്ത് ന്യൂയോർക്കിലെ മൻഹാട്ടൻ ദ്വീപിനെ ചുറ്റിയുള്ള ബോട്ട് യാത്രയിൽ പങ്കെടുത്തു. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമുൾപ്പെടെയുള്ള സുപ്രധാനമായ പല മന്ദിരങ്ങളും ഇൗ ഒറ്റ യാത്രയിൽ കാണാം.

ബോട്ട് യാത്രയ്‌ക്ക് വേണ്ടിയെ‌ടുത്ത ടിക്കറ്റിന്റെ ആവശ്യം കഴിഞ്ഞതുകൊണ്ട് അത് ഞാൻ നദിയിലേക്ക് കളയാനായി കൈനീട്ടി. കേരളത്തിൽ അങ്ങനെ കളയാനാണല്ലോ ശീലിച്ചിട്ടുള്ളത്. പക്ഷേ ഒരപരിചിതൻ ഉടനെ എന്റെ കൈയിൽ കയറിപ്പിടിച്ചിട്ട് പറഞ്ഞു, 'നദീജലം മലിനമാക്കരുത് ". ഞാൻ ഇളിഭ്യനായിപ്പോയി. അമേരിക്കക്കാരുടെ ഉത്തരവാദിത്വബോധവും പൗരത്വബോധവും എത്രമാത്രമാണെന്ന് ഞാൻ മനസിലാക്കി.

എന്താണ് കേരളത്തിലെ പൗരത്വബോധമുള്ള പൗരന്മാർ ചെയ്യുന്നത് ? സ്വന്തം വീട്ടിലെ മാലിന്യങ്ങൾ വലിയ പ്ളാസ്റ്റിക് സഞ്ചികളിലാക്കി റോഡുവക്കിലോ നീരൊഴുക്കുകളിലോ കനാലുകളിലോ ഒക്കെ കൊണ്ടിടുക. ഇങ്ങനെയുള്ള 'പൗര"ന്മാരെ കണ്ടുപിടിക്കാനായി സർക്കാർ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക! ഇൗ കാമറകളുടെയും പരിസരവാസികളുടെയും കണ്ണുവെട്ടിച്ച്, ആ മാലിന്യങ്ങൾ പൊതുജനങ്ങൾക്കായി സംഭാവന ചെയ്ത്, പൊതുസ്ഥലങ്ങളിൽ പ്രതിഷ്ഠിക്കുക!

അമേരിക്കൻ മുതലാളിത്തത്തെ ലോകത്തെ വിഴുങ്ങാൻ നിൽക്കുന്ന അധീശശക്തികളായി കേരളത്തിലെ നവോത്ഥിതർ കണക്കാക്കുന്നു. എന്നാൽ അതേ അമേരിക്കക്കാർ പൗരത്വബോധമുള്ള പ്രജകളാണ്. കേരളത്തിലെ പ്രജകളോ? പൗരത്വബോധം അവരെ പ്രചോദിപ്പിക്കുന്നത്, മാലിന്യച്ചാക്കുകൾ പെരുവഴിയിൽ തള്ളി നാട്ടുകാരെക്കൊണ്ട് അതിന്റെ ദുർഗന്ധം ശ്വസിപ്പിച്ചും പുതിയ പുതിയ രോഗാണുക്കളെയും വൈറസുകളെയും രോഗങ്ങളെയും സൃഷ്ടിച്ചും പുതിയൊരുതരം പ്രജാപതികളായിരിക്കാനാണ്. അതേസമയം ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിൽ കേരളം മുൻപന്തിയിലുമാണ്. അതായത്, രോഗമുണ്ടാക്കുന്നതിലും രോഗം ഇല്ലാതാക്കുന്നതിലും കേരളം മുൻപന്തിയിൽത്തന്നെ. രോഗമുണ്ടാക്കുകയും ഇല്ലാതാക്കുകയും ചെയ്യാതെ കഴിയുന്ന അവസ്ഥയല്ലേ വാസ്തവത്തിൽ ആരോഗ്യകരം?