കേരളം ആവിഷ്കരിച്ച 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം" ലോകശ്രദ്ധയാകർഷിച്ച പദ്ധതിയാണ്. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയങ്ങൾ കേരളമോഡലിന്റെ മറ്റൊരു ഉദാഹരണമായി. 'ഹൈടെക്" ക്ളാസ് മുറികളും ജൈവവൈവിദ്ധ്യ ഉദ്യാനവും പുതുമയുള്ള അനുഭവമായിരുന്നു. മികച്ച ലൈബ്രറികളും ലാബും ടൈൽ പതിച്ചതും ശീതീകരിച്ചതുമായ ക്ളാസ് മുറിയും ചേർന്ന് പഠനത്തിന് അനുകൂലമായ സാഹചര്യമൊരുക്കി. നിരന്തര വിലയിരുത്തലും ടേം പരീക്ഷയും ശാസ്ത്രീയമായി നടപ്പാക്കുക വഴി കുട്ടികളുടെ പഠനപുരോഗതി ഉറപ്പുവരുത്തി. ടീച്ചർ 'മെന്റർ" എന്ന സവിശേഷ പദവിയിലേക്ക് ഉയർന്നു. നിരന്തര പരിശീലനത്തിലൂടെ അദ്ധ്യാപകരുടെ പ്രൊഫഷണലിസം വർദ്ധിച്ചു. കേന്ദ്രഗവൺമെന്റ് രൂപീകരിച്ച നീതി ആയോഗിന്റെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസരംഗത്ത് 82.3 ശതമാനം സ്കോറോടെ കേരളം ഒന്നാമതെത്തി. അങ്ങനെ പ്രതീക്ഷയുടെയും അഭിമാനത്തിന്റെയും കൊടുമുടിയിൽ പൊതുവിദ്യാലയങ്ങളെത്തി നിൽക്കുമ്പോഴാണ് വയനാട്ടിലെ ബത്തേരിയിൽ സർവജന സ്കൂളിലെ ഷഹനാ ഷെറിനെന്ന അഞ്ചാംക്ളാസുകാരി സ്വന്തം ക്ളാസുമുറിയിലെ പൊത്തിലൊളിച്ച പാമ്പിന്റെ കടിയേറ്റ് മരണത്തിന് കീഴടങ്ങിയത്. ഷഹനയെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതിൽ അദ്ധ്യാപകർ കാണിച്ച അനാസ്ഥയാണ് ആ പിഞ്ചുജീവൻ പൊലിയാനിടയാക്കിയതെന്നാണ് മുഖ്യ പരാതി.
അദ്ധ്യാപകർ എക്കാലത്തും ആദരണീയരായിരുന്നു. സ്നേഹം, ആരാധന, ബഹുമാനം എന്നിങ്ങനെ വാക്കുകൾകൊണ്ട് വിവരിക്കാനാകാത്ത വിവിധ വികാരങ്ങളാണ് അദ്ധ്യാപകരോട് എന്നും സമൂഹത്തിനുണ്ടായിരുന്നത്. എന്നാൽ അദ്ധ്യാപകർ കുഞ്ഞുങ്ങളോട് കാട്ടുന്ന ക്രൂരതകളുടെ കഥകളാണ് ഇന്ന് വാർത്തകളിൽ. മദ്രാസ് ഐ.ഐ.ടിയിലെ ഫാത്തിമ ലത്തീഫും ബത്തേരി സ്കൂളിലെ ഷഹലയും മനുഷ്യത്വമുള്ളവരുടെയെല്ലാം മനസിൽ നോവായി പടരുകയാണ്.
ഞാനെന്റെ സ്കൂൾ ജീവിതം ഒാർത്തുപോകുന്നു. ഒരു സർക്കാർ വിദ്യാലയത്തിന്റെ എല്ലാ പരിമിതികൾക്കും പ്രാരാബ്ധങ്ങൾക്കുമിടയിലും കുറഞ്ഞ വേതനത്തിന്റെയും ഉയർന്ന സേവനത്തിന്റെയും സാഹചര്യത്തിൽ എന്തൊരു വാത്സല്യവും പ്രോത്സാഹനവും സ്നേഹവും കരുതലുമൊക്കെയാണ് അദ്ധ്യാപകർ തന്നത്. കഴക്കൂട്ടം ഗവൺമെന്റ് സ്കൂളിൽ ഒന്നാംക്ളാസിൽ അക്ഷരത്തിന്റെ വെളിച്ചം ആദ്യം പകർന്നു നൽകിയ നിലാവിന്റെ സ്നേഹസാമീപ്യമുള്ള വള്ളിയമ്മ ടീച്ചർ കുട്ടികൾക്ക് സ്കൂളിലെ അമ്മയായിരുന്നു. പരീക്ഷയ്ക്ക് സ്ളേറ്റിലിട്ടു നൽകുന്ന മാർക്ക് കുറഞ്ഞുപോയതിന് കരയുമ്പോൾ വാത്സല്യത്തോടെ വാരിയെടുത്ത് ഉമ്മവച്ച് മക്കൾക്ക് എത്ര മാർക്കുവേണം എന്നുചോദിച്ച് നൂറിന് നൂറുമാർക്കും നൽകി ആശ്വസിപ്പിച്ച വള്ളിയമ്മ ടീച്ചർ മാർക്കിലൊന്നും കാര്യമില്ലെന്നും വിദ്യാഭ്യാസമെന്നത് വ്യക്തിത്വവികാസം, സ്വഭാവ രൂപീകരണം, ബുദ്ധി വികാസം, വിശാലമായ ജീവിത വീക്ഷണം എന്നിങ്ങനെ ഉന്നതമായ ലക്ഷ്യങ്ങളാണതിനുള്ളതെന്നും മനസിലാക്കിയിരുന്നുവോ?
സത്യമേ പറയാവൂ എന്നും ആ സത്യത്തിൽ ഉറച്ചുനിൽക്കണമെന്നും എപ്പോഴും കുട്ടികളോട് പറയാറുള്ള ലക്ഷ്മിക്കുട്ടിഅമ്മ ടീച്ചറും ജഗദമ്മടീച്ചറും രത്നമ്മ ടീച്ചറും അമ്മിണിയമ്മ ടീച്ചറും ഗോമതി ടീച്ചറും സത്യത്തിന്റെ മഹത്വമുള്ള വിത്തുകൾ ഞങ്ങളുടെ മനസിൽ മുളപ്പിക്കുകയായിരുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ളിക് ദിനം തുടങ്ങിയ ദേശീയദിനങ്ങൾ സമുചിതമായി ആഘോഷിക്കാൻ നേതൃത്വം നൽകിയിരുന്ന, നെഹ്റുവിനെപ്പോലെ തോന്നിപ്പിച്ച അശോകൻ സാർ, ഗാന്ധിജിയും നെഹ്റുവും സുഭാഷ് ചന്ദ്രബോസും തുടങ്ങി ധീരദേശാഭിമാനികളായിരുന്ന സ്വാതന്ത്ര്യ സമരനായകരെക്കുറിച്ച് ആവർത്തിച്ച് പറയുകയും ആവേശത്തോടെ പ്രസംഗിക്കുകയും ചെയ്ത് വിദ്യാർത്ഥികളിൽ രാജ്യസ്നേഹവും ദേശാഭിമാനവും വളർത്താൻ പരമാവധി ശ്രമിച്ച മാതൃകാദ്ധ്യാപകനായിരുന്നു.
അഞ്ചാംക്ളാസിൽ പഠിക്കുമ്പോൾ എന്റെ ശബ്ദം തരക്കേടില്ലെന്ന് തിരിച്ചറിഞ്ഞ് സ്കൂൾ അസംബ്ളിയിൽ 'ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്" എന്ന പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കാൻ എന്നെ നിയോഗിച്ച ആജ്ഞാശക്തിയുള്ള സുഹറാബീവി ടീച്ചർ എന്ന വലിയ ബീവി ടീച്ചർ. സ്കൂൾ വിടുന്നതിനു മുൻപ് ജനഗണമന ചൊല്ലുന്ന കൂട്ടത്തിൽ എന്നെയും കൂട്ടിയ അഫ്സബീബി ടീച്ചറെന്ന ലോലഹൃദയയായ ചെറിയ ബീവി ടീച്ചർ. പിന്നെ നോറ ടീച്ചറും ഷെറിൻ ടീച്ചറും സരസ്വതി ടീച്ചറും സന്താനവല്ലി ടീച്ചറും ശിവശങ്കരൻസാറും ദാസ് സാറും ഒക്കെ ചേർന്ന് എന്നെ കലയിലേക്ക് കൈപിടിച്ച് കയറ്റുകയായിരുന്നു. വിരസമായ സയൻസിനെ കഥകളിലൂടെ പറഞ്ഞും അഭിനയിച്ചുകാട്ടിയും ഏറ്റവും സരസമായി അവതരിപ്പിച്ച് പഠനത്തിന്റെ ഭാരമില്ലാതെ കുട്ടികൾക്ക് പ്രിയങ്കരമാക്കി മാറ്റിയ രാമചന്ദ്രൻസാറും കൊമ്പൻമീശയും കൈയിൽ കമ്പുമായി വരുന്ന ബാലകൃഷ്ണൻ സാറും ഉഗ്രപ്രതാപിയായ വേലായുധൻ സാറും രാഘവൻസാറും ഗോപാലകൃഷ്ണൻ സാറുമൊക്കെ ഉള്ളിൽ നന്മയുള്ള-സ്നേഹമുള്ള സിംഹങ്ങളായിരുന്നു. കണിയാപുരം മുസ്ളിം ഹൈസ്കൂളിൽ പഠിക്കുമ്പോൾ കടുകട്ടിയായ കണക്കിനൊപ്പം അല്പം നാടകം കൂടി നൽകിയ നാടകക്കാരനായിരുന്നു കണിയാപുരം ഉണ്ണികൃഷ്ണൻ നായർ സാർ. സംസ്കൃത പണ്ഡിതനും ആട്ടക്കഥാരചയിതാവുമായ മലയാളം അദ്ധ്യാപകൻ നാരായണപിള്ള സാർ, വാത്സല്യത്തോടെ ബയോളജി പഠിപ്പിച്ച മേരി സി. കുര്യൻ എന്ന ക്ളാസ് ടീച്ചർ, ഒാർമ്മയിൽ മഹാരഥന്മാരായ ഗുരുനാഥന്മാർ ഇനിയുമെത്രയോ പേർ.
ഉത്തമരായ പൗരന്മാരെ സൃഷ്ടിക്കുന്ന പരീക്ഷണശാലകളാണ് വിദ്യാലയങ്ങൾ. വിജ്ഞാന കേന്ദ്രങ്ങളാകേണ്ട, മികവിന്റെ കേന്ദ്രങ്ങളാകേണ്ട വിദ്യാലയങ്ങൾ കച്ചവടവത്കരിക്കപ്പെടുന്നതിന്റെ അപചയങ്ങൾ നാം കാണുന്നു. നാളെ വാനോളം ഉയരേണ്ട അസാമാന്യപ്രതിഭകളാകാം ചിലരുടെയൊക്കെ നിസംഗതയിൽ പൊലിഞ്ഞു പോകുന്നത്. ഒരു കുട്ടിയിൽ അന്തർലീനമായ സർഗവാസനകളെ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുകയും പ്രോജ്ജ്വലിപ്പിക്കുകയും സ്നേഹവും കരുണയും മനുഷ്യത്വവുമുള്ള യഥാർത്ഥ മനുഷ്യരാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന കർമ്മമാണ് അദ്ധ്യാപകർ നടത്തേണ്ടത്. ഞാൻ കണ്ട അദ്ധ്യാപകരൊക്കെയും അങ്ങനെയായിരുന്നുവല്ലോ. എന്നാലിന്ന് 'ചില" അദ്ധ്യാപകർ നമ്മുടെ സംസ്കാരത്തിനും ചിന്തയ്ക്കും മനുഷ്യത്വത്തിനും വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നറിയുമ്പോൾ അദ്ധ്യാപക വർഗത്തെയാകെ അവർ പ്രതിക്കൂട്ടിലാക്കിക്കളഞ്ഞു. ഒരു ചെറുവിഭാഗം ചെയ്യുന്ന തെറ്റിന് നാം എല്ലാവരെയും കുറ്റവിചാരണ ചെയ്തുകൂടാ.
(ചലച്ചിത്ര നടനാണ് ലേഖകൻ. ഫോൺ : 9447499449)