വക്കം: വക്കം ഗ്രാമ പഞ്ചായത്തിലെ റോഡുകളിൽ ഇന്റർലോക്ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നെന്ന് ആരോപണം.
വക്കം പുളിവിളാകം - മുക്കാലവട്ടം റോഡ്, പുന്നക്കുട്ടം വിളയിൽ റോഡ് തുടങ്ങിയ റോഡുകളിലെ ഇന്റർലോക്ക് സംവിധാനം തകർന്ന നിലയിലാണ്. വക്കം മാർക്കറ്റ് ജംഗ്ഷനിൽ വെള്ളക്കെട്ടിന് പരിഹാരമായി നിർമ്മിച്ച ഇന്റർലോക്ക് സംവിധാനം സ്ഥിരം വെള്ളകെട്ടാക്കി മാറ്റി. രണ്ട് മാസങ്ങൾക്ക് മുൻപ് കോടികൾ ചെലവഴിച്ച് നവീകരിച്ച വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ മുന്നിലെ ഇന്റർലോക്ക് സംവിധാനവും തകർന്നു.
ഈ റോഡുകളിൽ വാഹനത്തിരക്ക് കുറവായിരുന്നിട്ടും മാസങ്ങൾക്കുള്ളിൽ തന്നെ ഇന്റർലോക്ക് തകരാൻ തുടങ്ങി. പുന്നക്കുട്ടം റോഡ് നവീകരിച്ചിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. ഇതു തകർന്നു. ബന്ധപ്പെട്ടവരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഗുണമേന്മയില്ലാത്ത സാധനങ്ങൾ കൊണ്ട് നിർമ്മിക്കുന്ന ഇതെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ടവർ ഗ്രാമപഞ്ചായത്ത് കാര്യലയത്തിലിരുന്ന് കൈകാര്യം ചെയ്യുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇന്റർലോക്ക് പാകിയ ശേഷം അതിന്റെ വിടവിൽ മണലോ, പാറപ്പൊടിയോ നിറയ്ക്കാതിരുന്നതും അതിനു മുകളിൽ റോളർ ഉരുട്ടാതിരുന്നതും ഇന്റർലോക്കുകളുടെ ആയൂസ് കുറച്ചെന്ന് വിദഗ്ദ്ധർ പറയുന്നു.