bengalees-in-kerala-

മൂന്നു പ്രധാന പ്രശ്നങ്ങളാണ് മറുനാടൻ തൊഴിലാളികളും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു മലയാളികളുടെ മനസിലുള്ളത്.

1. "സ്വന്തം നാടുകളിൽ കുറ്റകൃത്യം നടത്തിയതിന് ശേഷം കേരളത്തിലെത്തി സാധാരണജീവിതം നയിക്കാൻ സാധിക്കും. " ഇപ്പോൾ കേരളത്തിലുള്ളവരുടെയോ ഓരോ ദിവസവും കേരളത്തിൽ വന്നിറങ്ങുന്നവരുടെയോ ക്രിമിനൽ പശ്ചാത്തലം ആർക്കുമറിയില്ല.

2. കുറ്റകൃത്യങ്ങൾക്ക് മാത്രമായി കേരളത്തിൽ വരുന്നവരുണ്ടാകാം. ഉയർന്ന സാമ്പത്തികം, സുരക്ഷാകാര്യങ്ങളിൽ ശ്രദ്ധയില്ലായ്‌മ, ഒറ്റപ്പെട്ട വീടുകൾ , ഒറ്റയ്‌ക്ക് താമസിക്കുന്ന വൃദ്ധർ,​ എന്നിങ്ങനെ കളവിന് അനുകൂലമായ നിരവധി സാഹചര്യങ്ങൾ കേരളത്തിലുണ്ട്. ഈ കാര്യങ്ങൾ മനസിലാക്കി ബണ്ടിചോറിനെപ്പോലെ കേരളത്തിലേക്ക് വരുന്നവരുമുണ്ട്.

3. കുറ്റകൃത്യങ്ങൾക്ക് ശേഷം രാജ്യാതിർത്തി പോലും കടക്കാനുള്ള എളുപ്പം.

വേണം അടിയന്തരശ്രദ്ധ

ഈ മൂന്നു കാര്യങ്ങളിലും തീർച്ചയായും സർക്കാരിന്റെ അടിയന്തരശ്രദ്ധ വേണം. കേരളത്തിലേക്ക് ഓരോ ദിവസവും വന്നെത്തുന്ന മറുനാട്ടുകാരുടെ വിവരങ്ങൾ നമുക്കില്ല. കേരളത്തിലാകെ എത്ര മറുനാട്ടുകാരുണ്ടെന്നും അറിയില്ല. കേരളത്തിൽ ബംഗ്ലാദേശികൾ പോലും താമസിക്കുന്നുണ്ടെന്നറിയുന്നത് അവരുമായി ബന്‌ധപ്പെട്ട കുറ്റകൃത്യങ്ങൾ പുറത്തുവരുമ്പോഴാണ്. ഈ സ്ഥിതിക്ക് പരിഹാരമുണ്ടായേ പറ്റൂ. അല്ലെങ്കിൽ കുറ്റവാളികൾക്ക് ഒളിയിടമാക്കാനും മറ്റും സൗകര്യമുള്ള വെള്ളരിക്കാപ്പട്ടണമായി കേരളം മാറും.

തിരിച്ചറിയൽ രേഖകൾ

കേരളത്തിൽ എത്തുന്നവർക്ക് കൃത്യമായ തിരിച്ചറിയൽ രേഖകൾ ഉണ്ടാകുക എന്നതാണ് ഏറ്റവും പ്രധാനം. ആവശ്യമെങ്കിൽ അവരുടെ നാട്ടിൽ നിന്നും പോലീസ് ക്ലിയറൻസും ലഭ്യമാക്കാനുള്ള നടപടി വേണം. ഫെഡറൽ സംവിധാനത്തിൽ ഇതിനൊക്കെ ചില പരിമിതികളുണ്ടെങ്കിലും ഒരു ചെറിയ സംസ്ഥാനത്തേക്ക് ദശലക്ഷക്കണക്കിന് മറുനാട്ടുകാർ വളരെ ചെറിയ സമയത്ത് എത്തുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളിൽ പുതിയ നിയമവും നയങ്ങളും ഉണ്ടാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിൽ ഒരു തെറ്റുമില്ല. ഇത് നാട്ടുകാരുടെയും മറുനാട്ടുകാരുടെയും നാടിന്റെയും രാജ്യത്തിന്റെയും സുരക്ഷയുടെ പ്രശ്നമാണ്, കുട്ടിക്കളിയല്ല.

ജീവിതത്തിന്റെ ഭൂരിഭാഗവും ഒരു കുടിയേറ്റക്കാരൻ ആയിരുന്ന സാഹചര്യത്തിൽ കുറച്ചു കാര്യങ്ങൾ കൂടെ പറയാതെ വയ്യ. കേരളത്തിൽ വരുന്ന മറുനാടൻ തൊഴിലാളികളിൽ കുറ്റവാളികൾ ഉണ്ടാകാമെങ്കിലും കേരളത്തിൽ വരുന്ന മറുനാട്ടുകാർ എല്ലാം കുറ്റകൃത്യം ചെയ്തവരോ ചെയ്യാൻ തരം നോക്കിയിരിക്കുന്നവരോ ആണെന്ന ചിന്ത നൂറു ശതമാനം തെറ്റാണ്. ലോകത്തെവിടെയും അങ്ങോട്ട് വരുന്ന കുടിയേറ്റക്കാരെ പറ്റി നാട്ടുകാർ പറയുന്ന കാര്യമാണ് ഇത്. സ്വിറ്റ്സർലാൻഡിൽ ജീവിക്കുന്ന എന്നെപ്പോലെ, അമേരിക്കയിൽ ജീവിക്കുന്ന ആയിരക്കണക്കിന് ഐ ടി ജോലിക്കാരെ പോലെ, ഗൾഫിൽ ജീവിക്കുന്ന അനവധി മറ്റു തൊഴിലാളികളെ പോലെ കൂടുതൽ ശമ്പളം കിട്ടുന്ന ഒരു സ്ഥലം അന്വേഷിച്ച് എത്തിയിരിക്കുന്നവരാണ് കേരളത്തിലെ മറുനാടൻ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും. ലോകത്തെവിടെയും മറുനാടുകളിൽ നിന്നും വരുന്ന തൊഴിലാളികൾ അവർ എത്തിയ നാട്ടിലെയും വന്ന നാട്ടിലേയും സമ്പദ് വ്യവസ്ഥ പുരോഗമിക്കാനേ ഇടയാക്കിയിട്ടുള്ളൂ എന്ന് അനവധി പഠനങ്ങളുണ്ട്. കേരളത്തിൽ ആളുകൾക്ക് ന്യായമായി കെട്ടിടങ്ങൾ പണിയാൻ പറ്റുന്നത് മുതൽ ഹോട്ടലുകൾ നടത്താൻ പറ്റുന്നത് വരെ മറുനാടൻ തൊഴിലാളികൾ ഉള്ളത് കൊണ്ടാണ്. ബംഗാളിലും ആസ്സാമിലും അനവധി ഗ്രാമങ്ങളിൽ പട്ടിണി മാറുന്നത് കേരളത്തിൽ ജോലി ചെയ്യുന്ന ആരെങ്കിലും ഒക്കെ ആ വീടുകളിലുള്ളത് കൊണ്ടാണ്. ഇങ്ങനെ ഇരു കൂട്ടർക്കും ഗുണകരമായ ഒരു കൊടുക്കൽ വാങ്ങലിനെ ഏതെങ്കിലും കുറച്ചു ക്രിമിനലുകളുടെ സാന്നിധ്യം കൊണ്ട് തള്ളിപ്പറയുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് ആർക്കും ഗുണകരമല്ല.

കൊലപാതകങ്ങൾ

സ്ഥിതിവിവരക്കണക്ക് നോക്കിയാൽ കേരളത്തിലെ കൊലപാതകങ്ങളിൽ മറുനാടൻ തൊഴിലാളികളുടെ പങ്ക് നന്നേ കുറവാണ്.

2018 ലെ കണക്കാണ് ഇപ്പോൾ ലഭ്യമായത്. 276 കൊലപാതകങ്ങളാണ് 2018 ൽ നടന്നിട്ടുള്ളത്. ഇത് സമീപകാലത്തെ ഏറ്റവും കുറഞ്ഞതാണെന്ന് മാത്രമല്ല, ഓരോ വർഷവും കൊലപാതകങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നുമുണ്ട്. അഞ്ചു വർഷം മുൻപ് 2014 ൽ 367 കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്. ഇപ്പോൾ കേരളത്തിലെ കൊലപാതകങ്ങളുടെ നിരക്ക് ഒരു ലക്ഷത്തിന് 0.82 ആണ്. ലോകത്തിലെ ശരാശരി ഒരു ലക്ഷത്തിന് ആറ് കൊലപാതകം ആണ്. ഇന്ത്യയിലേത് ഒരു ലക്ഷത്തിന് 3.2 ആണ്. അതായത് ലോകത്തിലെ ഏഴിൽ ഒന്നും ഇന്ത്യയിലെ നാലിൽ ഒന്നുമാണ് നമ്മുടെ കൊലപാതക നിരക്ക്. ലോകത്തെ അപൂർവ്വം രാജ്യങ്ങളിൽ മാത്രമാണ് ഇത്രയും കുറഞ്ഞ കൊലപാതക നിരക്കുള്ളത്, അവയിൽ മിക്കതിലും കേരളത്തിന്റെ നാലിലൊന്നു ജനസംഖ്യ പോലുമില്ല.

. കേരളത്തിൽ എത്ര മറുനാടൻ തൊഴിലാളികൾ ഉണ്ടെന്നോ എത്ര കൊലപാതകങ്ങൾ അവർ നടത്തുന്നു എന്നോ ഉള്ള കണക്കുകൾ ലഭ്യമല്ല. പക്ഷെ ഇപ്പോൾ കേരളത്തിൽ ഏതാണ്ട് 34 ലക്ഷം മറുനാടൻ തൊഴിലാളികൾ ഉണ്ടെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യുട്ടിന്റെ കണക്ക്. ഇത് കേരള ജനസംഖ്യയുടെ പത്തു ശതമാനത്തോളം വരും. അപ്പോൾ ഈ മറുനാടൻ തൊഴിലാളികൾ ശരാശരി മലയാളികളുടെ അത്രയും ക്രിമിനൽ വാസന ഉള്ളവർ ആയിരുന്നു എങ്കിൽ കേരളത്തിലെ കൊലപാതകങ്ങളിൽ പത്തിലൊന്നും അവർ ആയിരിക്കണം ചെയ്യുന്നത്. അതായത് വർഷത്തിൽ 27കൊലപാതകങ്ങൾ. ഒരു വർഷം ശരാശരി എത്ര കൊലപാതകങ്ങൾ മറുനാടൻ തൊഴിലാളികൾ ചെയ്തതായി നിങ്ങൾ കേൾക്കാറുണ്ട് ?

അല്പം കൂടി കടത്തി പറയാം. കേരളത്തിലെ കൊലപാതകങ്ങൾ ഭൂരിഭാഗവും ചെയ്യുന്നത് ഇരുപതിനും എഴുപതിനും ഇടക്ക് പ്രായമുള്ള ആണുങ്ങളാണ്. കേരള ജനസംഖ്യയുടെ പകുതിയിലും താഴെ മാത്രമേ ഇവരുടെ എണ്ണം ഉള്ളൂ. അതേസമയം കേരളത്തിലെ മറുനാടൻ തൊഴിലാളികളിൽ എൺപത് ശതമാനവും ഇരുപതിനും അറുപതിനും ഇടക്കുള്ള പുരുഷന്മാർ ആണ്. അപ്പോൾ ഇരുപതിനും എൺപതിനും ഇടക്കുള്ള ആണുങ്ങളിൽ കൊലപാതകികളുടെ അനുപാതം മലയാളികളിൽ മറുനാട്ടുകാരേക്കാളും ഇരട്ടിയിൽ ഏറെ വരും. സംശയം ഉള്ളവർക്ക് ഈ കണക്കുകൾ കൃത്യമായി അന്വേഷിച്ചു കൂട്ടി നോക്കിയാൽ മതി.

സ്വയരക്ഷക്ക് അല്ലാത്ത ഏതൊരു കൊലപാതകവും ക്രൂരവും ഒഴിവാക്കേണ്ടതും ആണ്. അതിന് നാടൻ - മറു നാടൻ വ്യത്യാസങ്ങൾ ഇല്ല. നാട്ടുകാരോ മറുനാട്ടുകാരോ ആയ ആരും ചെയ്യുന്ന ഒരു കൊലപാതകത്തേയും ഞാൻ ന്യായീകരിക്കുന്നുമില്ല. ഏതൊരു കൊലപാതകം നടന്നാലും അത് അന്വേഷിക്കപ്പെടണം, കുറ്റവാളികൾ പിടിക്കപ്പെടണം, പിൽക്കാലത്ത് സമൂഹത്തിന് അവർ ഭീഷണി ഉണ്ടാക്കാത്ത തരത്തിൽ അവർ ശിക്ഷിക്കപ്പെടുകയും വേണം. പക്ഷെ ഒരു കൊലപാതകം ചെയ്തത് മറുനാട്ടിൽ നിന്നുള്ള ആളായത് കൊണ്ട് മറുനാട്ടുകാരെല്ലാം കൊലപാതകികളോ ക്രിമിനലുകളോ ആണെന്ന ചിന്ത ആളുകളിൽ ഉണ്ടാകരുത്. അത്തരത്തിൽ ഒരു വികാരം ഉണ്ടാകുന്നതിനെ നമ്മൾ പ്രോത്സാഹിപ്പിക്കുകയും അരുത്. അത് ഒരു ആധുനിക സമൂഹത്തിന് ചേർന്നതല്ല, പ്രത്യേകിച്ചും മറുനാടുകളിൽ പോയി അധ്വാനിക്കുന്നവരുടെ വിയർപ്പിൽ പണിതുയർത്തിയ ഒരു നാട്ടിൽ.