ശ്രീകാര്യം: പാങ്ങപ്പാറ സർക്കാർ ആശുപത്രിയിലെ കിടത്തി ചികിത്സാ വിഭാഗത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തിയായിട്ടും നാളിതുവരെ പ്രവർത്തന സജ്ജമായില്ലെന്ന് പരാതി. കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടവും കിടത്തിചികിത്സയ്ക്കുള്ള സൗകര്യങ്ങളും അധിക തസ്തിക സൃഷ്ടിച്ച് പ്രഖ്യാപനം വന്നിട്ടും നടപടി കടലാസിൽ മാത്രം ഒതുങ്ങി. നിലവിലെ സംവിധാനത്തിൽ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമില്ല. മെഡിക്കൽ കോളേജ് സ്റ്റാഫാണ് ഇപ്പോൾ ആരോഗ്യ കേന്ദ്രം നടത്തുന്നത്. ഡി.എച്ച്.എസ്, ഡി.എം.ഇ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാർ ഉണ്ടെങ്കിലും അധികം പേർക്കും ഫീൽഡ് പ്രവർത്തന ചുമതലയാണ്. കുണ്ടും കുഴിയും നിറഞ്ഞു കാൽനടപോലും അസാദ്ധ്യമാണ് ആശുപത്രി പരിസരം. ഫിസിയോയ്ക്കു മാത്രമായി നിർമ്മിച്ച കെട്ടിടം 20 വർഷമായി കാടു കയറി നശിക്കുന്നു. പാങ്ങപ്പാറ ആശുപത്രിക്ക് നേരെയുള്ള അവഗണന സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ആശുപത്രിക്കായി ഉള്ളത് 2.75 ഏക്കർ സ്ഥലം
ആകെ ചെലവ് 2.5 കോടി
നിർമ്മാണം പൂർത്തിയായത് 4 വർഷം മുൻപ്
60+ രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യം
സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങിയത് 10 തസ്തികകളിലേക്ക്
താഴുവീണ പ്രതീക്ഷകൾ
--------------------------------------
പുതിയ മൂന്നു നില കെട്ടിടം ഉണ്ടെങ്കിലും ആസ്ബസ്റ്റോസ് മേഞ്ഞ രണ്ട് പഴയ കെട്ടിടങ്ങളിലാണ് ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. ഒ.പി ബ്ലോക്കിനും ക്വാർട്ടേഴ്‌സിനും മാത്രമാണ് കോൺക്രീറ്റ് കെട്ടിടങ്ങൾളുള്ളത്. കൂടാതെ ശ്രീചിത്ര മെഡിക്കൽ സെന്ററിൽ നിന്ന് എത്തിച്ച ഐ.സി.യൂണിറ്റുകളും കിടക്കകളും നിരവധി ആശുപത്രി ഉപകരണങ്ങളും കിടത്തിചികിത്സയ്ക്ക് ഏറെ പ്രയോജനകരമാണ്.
തീരുമാനമായിട്ടും...
------------------------------------
മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഉപകേന്ദ്രമായാണ് പാങ്ങപ്പാറയിലെ ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്
ടെക്നോപാർക്ക് ഉൾപ്പെടെയുള്ള ഐ.ടി മേഖല ഉൾപ്പെടുന്ന ഇവിടെ ദിനം പ്രതി നൂറുകണക്കിന് രോഗികളാണ് ചികിത്സയ്ക്ക് എത്തുന്നത്.
24 മണിക്കൂറും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ മന്ത്രി സഭായോഗത്തിലാണ് തീരുമാനമുണ്ടായത്.
ഒരു ഹെഡ് നഴ്‌സ്, 4 സ്റ്റാഫ് നഴ്‌സ് , 2 ലാബ് ടെക്‌നീഷ്യൻ, ഓരോ ഫാർമസിസ്റ്റ്, ഇ.സി.ജി. ടെക്‌നീഷ്യൻ, ക്ലാർക്ക് തുടങ്ങി തസ്തികകൾ സൃഷ്ടിച്ച് ഉത്തരവും ഇറങ്ങി
കഴക്കൂട്ടം നിവാസികളുടെ ഏറെ നാളെത്തെ പ്രതീക്ഷയാണ് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നത്.
പ്രതികരണം
----------------------------
പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സയ്ക്കുള്ള ബഹുനില മന്ദിരം ഉടൻ തുറന്ന് പ്രവർത്തിക്കും. 10 നഴ്‌സുമാരും 6 ലാബ് ടെക്‌നീഷ്യന്മാരും ഉൾപ്പെടെ 16 താത്കാലിക ജീവനക്കാരെ ഇവിടേക്ക് നിയമിച്ചിട്ടുണ്ട്. പുതിയ ലാബും ഫാർമസിയും ഒരുക്കുന്നതിനായി അടച്ചിട്ടിരിക്കുന്ന ഫിസിയോ തെറാപ്പി കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. എൻ.ആർ.എച്ച്.എമ്മിൽ നിന്ന് ഡോക്ടർമാരുമെത്തിയാൽ കിടത്തിച്ചികിത്സ സാദ്ധ്യമാകും.
കൗൺസിലർ എൻ.എസ്.ലതാകുമാരി
കിടത്തി ചികിത്സാ വിഭഗം ഉടൻ പ്രവർത്തന സജ്ജമാക്കിയില്ലെങ്കിൽ
ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും
-കഴക്കൂട്ടം ജനകീയ വികസന സമിതി