തിരുവനന്തപുരം: ബഹിരാകാശത്ത് ഇന്ത്യയുടെ നേട്ടമെഴുതിയ പി.എസ്. എൽ. വി. വിക്ഷേപണ റോക്കറ്റ് സുവർണക്കുതിപ്പുമായി അൻപതാം പറക്കലിനൊരുങ്ങുന്നു. ഡിസംബർ 11ന് ശ്രീഹരിക്കോട്ടയിൽ നിന്ന് റിസാറ്റ് 2ബി ആർ 1 (റഡാർ ഇമേജിംഗ് സാറ്റലൈറ്റ് ) ഉൾപ്പെടെ 10 ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി. സി - 48 കുതിച്ചുയരുന്നത് ചരിത്രത്തിലേക്കായിരിക്കും. ഒൻപതെണ്ണം വിദേശ കുഞ്ഞൻ ഉപഗ്രഹങ്ങളാണ്. ഐ.എസ്.ആർ.ഒ കേന്ദ്രം മുഴുവൻ ചരിത്രക്കുതിപ്പിന്റെ ഉത്സാഹത്തിലാണ്.
ഉപഗ്രഹ വിക്ഷേപണത്തിലൂടെ രാജ്യത്തിന് കോടികൾ നേടിത്തരുന്ന ഈ റോക്കറ്റിന്റേത് പിഴയ്‌ക്കാത്ത ദൗത്യങ്ങളുടെ ചരിത്രം. 1993 ലെ ആദ്യ പറക്കലും 2017 ലെ 41-ാം പറക്കലുമൊഴികെ ഒരു വിക്ഷേപണവും പരാജയപ്പെട്ടിട്ടില്ല. ഉപഗ്രഹ റോക്കറ്റ് പി.എസ്.എൽ.വി ആണെങ്കിൽ മുൻകൂർ പണമെന്നതാണ് അമേരിക്കൻ സ്ഥാപനങ്ങളുടെ പോലും സമീപനം. അത്രയ്ക്കാണ് വിശ്വാസ്യത. ചന്ദ്രയാൻ 1-ഉം മംഗൾയാനും വിക്ഷേപിച്ച ഇൗ ആകാശക്കുതിര 2017 ഫെബ്രുവരി 15ന് ഒറ്റക്കുതിപ്പിന് 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ച് കുറിച്ചത് ലോകറെക്കോഡ്.
ലോകത്തെ ചെലവു കുറഞ്ഞതും ഏറ്റവും മികച്ചതുമായ വിക്ഷേപണ റോക്കറ്റാണ് ഇത്. ഇതുവരെ 310 വിദേശ ഉപഗ്രഹങ്ങളും 40 ഇന്ത്യൻ ഉപഗ്രഹങ്ങളും പി.എസ്.എൽ.വി ബഹിരാകാശത്തെത്തിച്ചു. ഗതിനിർണയത്തിനുള്ള ഇന്ത്യയുടെ ഏഴ് ഐ.ആർ.എൻ.എസ്.എസ് ഉപഗ്രഹങ്ങളെ ബഹിരാകാശ പഥങ്ങളിലെത്തിച്ചത് പി.എസ്.എൽ.വികളാണ്.
എ.എസ്.എൽ.വി.യുടെ പിൻഗാമിയാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന പി.എസ്.എൽ.വി. 600 കിലോ ഭാരമുള്ള ഉപഗ്രഹത്തെ 550 കിലോമീറ്റർ അകലെ ധ്രുവീയ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള വാഹനത്തിന്റെ മുപ്പതിലേറെ രൂപരേഖകൾ 1978 ആദ്യം തയ്യാറായി. അവയിൽ നാലെണ്ണമാണ് പി.എസ്.എൽ.വി വികസിപ്പിക്കാൻ തിരഞ്ഞെടുത്തത്.
പി. എസ്. എൽ. വി
ഉയരം 44 മീറ്റർ. വ്യാസം 2.8 മീറ്റർ. ഭാരം 320 ടൺ.
ഒന്നാംഘട്ടത്തിലെ പ്രധാനറോക്കറ്റിന് ഖര ഇന്ധനം
ഖരഇന്ധനമുള്ള ആറു പാർശ്വറോക്കറ്റുകൾ ചുറ്റിനും
മൂന്നാം ഘട്ടത്തിലും ഖര ഇന്ധനം
രണ്ടും നാലും ഘട്ടങ്ങളിൽ ദ്രവ ഇന്ധനം
പാർശ്വ റോക്കറ്റുകളില്ലാത്ത ഒരിനമടക്കം മൂന്നുതരം പി.എസ്.എൽ.വി.
1993 സെപ്തംബർ 20ന് ആദ്യപറക്കൽ.
ഡോ.എസ്. ശ്രീനിവാസന്റെ സംഘമാണ് ആദ്യപറക്കലിന് മേൽനോട്ടം വഹിച്ചത്.
അൻപതാം പറക്കലിന് മേൽനോട്ടം മലയാളിയായ എസ്.ആർ.ബിജുവിന്.