തിരുവനന്തപുരം : പ്രവാസികളുടെ പ്രശ്നം എന്താണെങ്കിലും ഈ ടോൾ ഫ്രീ ഗ്ലോബൽ കോൺടാക്ട് നമ്പരിലേക്ക് ഒരു മിസ് കാൾ മതി ഉടൻ പരിഹാരവുമായി നോർക്ക റൂട്ട്സിലെ പ്രതിനിധികൾ നിങ്ങളെ വിളിക്കും. നോർക്കയുടെ വെബ്സൈറ്റിൽ കയറിയാലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ലൈവ് ചാറ്റ് സേവനം ലഭ്യം. എന്ത് സംശയവും ലൈവ് ചാറ്റിലൂടെ ചോദിച്ചറിയാം. ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ നോർക്ക റൂട്ട്സ് ആരംഭിച്ച ഓൺലൈൻ സേവനങ്ങളെല്ലാം പ്രവാസികൾക്കിടയിൽ വൻ ഹിറ്റാണ്.
ഫെബ്രുവരി 15ന് ആരംഭിച്ച +918802012345 എന്ന നമ്പരിലേക്ക് ഇതിനോടകം 33 രാജ്യങ്ങളിൽ നിന്നായി 1,16,644 മലയാളികളാണ് വിളിച്ചത്. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹറിൻ, ഇന്തോനേഷ്യ, കുവൈറ്റ്, ഒമാൻ, ജർമ്മനി, ഇറാൻ, ഇറ്റലി, നോർത്ത് കൊറിയ, മലേഷ്യ, ശ്രീലങ്ക, യു.കെ, യു.എസ്, കംബോഡിയ, ജോർജിയ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ കാളുകളെത്തി. കാൾസെന്ററിലും ലൈവ് ചാറ്റിലുമായി 18 പേരാണ് തിരുവനന്തപുരത്തെയും കൊച്ചിയിലെയും നോർക്ക ഓഫീസുകളിൽ പ്രവർത്തിക്കുന്നത്.
24 മണിക്കൂറിനുള്ളിൽ
പ്രവാസി തിരിച്ചറിയൽ കാർഡ്
വിദേശ മലയാളികൾക്ക് നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ് നൽകുന്നുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് നോർക്കയുടെ വെബ്സൈറ്റിലൂടെ കാർഡിന് അപേക്ഷിക്കാം. രജിസ്ട്രേഷൻ ഫീസായ 350 രൂപ ഓൺലൈനായി അടയ്ക്കാം. മൂന്ന് വർഷമാണ് കാലാവധി. 2 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും. ഫീസ് ഒടുക്കി കഴിഞ്ഞാൽ ഓൺലൈനായി കാർഡ് ഡൗൺലോഡ് ചെയ്യാം. ഒരു മാസത്തിനുള്ളിൽ ഒറിജിനൽ തിരിച്ചറിയൽ കാർഡ് അയച്ചുകൊടുക്കും.
നോർക്ക റൂട്ട്സ്
വിദേശത്ത് ജോലി ചെയ്യുന്ന കേരളീയരുടെ ക്ഷേമം, വിദേശത്ത് നിന്നു തിരിച്ചുവരുന്നവരുടെ പുനരധിവാസം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരളസർക്കാരിന്റെ സ്ഥാപനം... വെബ്സൈറ്റ് : www.norkaroots.org
സേവനങ്ങൾ
സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തൽ ,പ്രവാസി ഇൻഷ്വറൻസ്
തിരിച്ചറിയൽ കാർഡ് ,തൊഴിൽ വൈദഗ്ദ്ധ്യവും പരിശീലനവും
തിരികെയെത്തുന്ന പ്രവാസികൾക്കായി ദുരിതാശ്വാസ പദ്ധതി (സാന്ത്വന)
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം (കാരുണ്യം)
വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ നാട്ടിലെത്തിക്കുന്നു (സ്വപ്നസാഫല്യം)
പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്കായി ധനസഹായം (ചെയർമാൻ ഫണ്ട്)
മടങ്ങിയെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിൽ പദ്ധതികൾ (ഐ.ഡി.പി.ആർ.ഇ.എം.)
'കേരളത്തിന്റെ വളർച്ചയ്ക്ക് നിർണായക പങ്കുവഹിക്കുന്ന പ്രവാസികൾക്ക് മെച്ചപ്പെട്ട സേവനം ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭ്യമാക്കുന്നതിന് ഒരുക്കിയ ഓൺലൈൻ സംവിധാനങ്ങൾ.നോർക്കയുടെ മുഖച്ഛായ തന്നെ മാറ്റി.'
- കെ. ഹരികൃഷ്ണൻ നമ്പൂതിരി
സി.ഇ.ഒ, നോർക്ക റൂട്ട്സ്