തിരുവനന്തപുരം: സാധു ഗോപാലസ്വാമി ‌ട്രസ്റ്റ് ന‌ടത്തുന്ന അഞ്ചാമത് ഹിമാലയ ഋഷിസംഗമം 11ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ആരംഭിക്കും. 16ന് സമാപിക്കും. മാണ്ഡൂക്യ ഉപനിഷത്തിന്റെ വ്യാഖ്യാനമായ മാണ്ഡൂക്യകാരികയെ അടിസ്ഥാനമാക്കിയുള്ള സത്രമാണ് ഇത്തവണ സംഗമത്തിന്റെ സവിശേഷത. 108 ഉപനിഷത്തുകളിൽ ഒാംകാരത്തിന്റെ പ്രാധാന്യത്തെയും ജീവന്റെ അവസ്ഥകളെയും കുറിച്ച് പറയുന്നതാണ് മാണ്ഡൂക്യ ഉപനിഷത്ത്. ശങ്കരാചാര്യരുടെ ഗുരുവായ ഗോവിന്ദഭഗവദ്പാദരുടെ ഗുരുവായ ഗൗഡപാദാചാര്യർ ഈ ഉപനിഷത്തിന് എഴുതിയ വ്യാഖ്യാനമാണ് മാണ്ഡൂക്യകാരിക. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആദ്ധ്യാത്മിക - താത്വിക ചർച്ചയാണ് സത്രം. ഋഷീകേശിലെ കൈലാസാശ്രമത്തിലെ മേധാവി സ്വാമി മേധാനന്ദപുരി മഹാരാജിന്റെ നേതൃത്വത്തിൽ മുപ്പതോളം സന്യാസിമാരും വേദപണ്ഡിതരുമാണ് ഇക്കുറി ഹിമാലയ ഋഷിസംഗമത്തിന് എത്തുന്നത്. ദിവസവും രാവിലെ ആറുമു തൽ ഒൻപത് വരെ ഉപനിഷദ് മൂലപാരായണം. 9.30 മുതൽ 12.30 വരയും വൈകിട്ട് മൂന്ന് മുതൽ ആറുവരെയും പ്രഭാഷണം, ആശയസംവാദം എന്നിവയാണ് സംഗമത്തിലെ പരിപാടികൾ.