ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ അന്തിയൂർ വാഴവിളാകം തോടിനോട് ചേർന്നുള്ള പഞ്ചായത്ത് ഭൂമി കൈയേറി പതിനഞ്ചോളം മരം മുറിച്ചു കടത്തിയ സംഭവത്തിൽ താലൂക്ക് സർവേയർ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് പൊലീസിനും പഞ്ചായത്തിനും കൈമാറും. സംഭവം നടന്ന് രണ്ടാഴ്ച് കഴിഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. സ്വകാര്യ വ്യക്തിയുടെ കൈയേറ്റം സംബന്ധിച്ച് വാർഡ് മെമ്പർ പ്രഭ പഞ്ചായത്ത് സെക്രട്ടറിക്കും പൊലീസിനും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തോടിനോട് ചേർന്ന് അതിർത്തി അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ള സർവേ കല്ലുകൾ നീക്കം ചെയ്ത നിലയിലായിരുന്നു. ഇക്കാരണത്താൽ സ്വകാര്യവ്യക്തിയുടെ സ്ഥലവും പഞ്ചായത്ത് ഭൂമിയും വേർതിരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കില്ലെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു. തുടർന്ന് പരാതി തഹസീൽദാർക്ക് കൈമാറിയതിനെ തുടർന്ന് താലൂക്ക് സർവേയർ എത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തി പരാതി പരിഹരിക്കുമെന്നാണ് സെക്രട്ടറി അറിയിച്ചത്. വ്യക്തമായ തെളിവുകൾ ലഭ്യമല്ലാത്തതിനാലാണ് നടപടി വൈകുന്നതെന്ന് സി.ഐ ജി. ബിനു പറഞ്ഞു. തോടിനോട് ചേർന്നുള്ള അതിർത്തി നിർണയ കല്ലുകൾ നീക്കം ചെയ്തതിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.