v

കടയ്ക്കാവൂർ: മേൽകടയ്ക്കാവൂർ പഴഞ്ചിറ പാടശേഖരത്തിൽ തരിശായി കിടന്ന പതിമൂന്ന് ഏക്കർ ഉൾപ്പെടെ ഇരുപത് ഏക്കർ പാടത്ത് ജൈവ നെൽ കൃഷിക്കായുള്ള ഞാറു നടീൽ ഉത്സവം നടന്നു.കൃഷി ഓഫീസറുടെയും പതിനഞ്ചു കർഷകരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ അന്നലക്ഷ്മിയെ പൂജിച്ചു ഞാറു നട്ടു. ചടങ്ങിൽ വച്ച് പാരമ്പര്യ കർഷകരായ ശിശുപാലൻ, സുരേന്ദ്രൻ, രാജൻ, സുരേഷ് കുമാർ, ശിവപ്രസാദ് എന്നിവരെ ആദരിച്ചു. മുന്തിയ ഇനം നെൽവിത്തുകളായ ഉമ, ശ്രേയസ്, പ്രത്യാശ എന്നിവയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.

യാതൊരു രാസ വളമോ രാസ കീടനാശിനിയോ ഉപയോഗിക്കാതെ തികച്ചും ജൈവ വളവും ജൈവ കീടനാശിനിയും ഉപയോഗിച്ചുള്ള കൃഷിരീതിയാണ് ഇവർ അവലംബിക്കുന്നത്. കർഷക കൂട്ടായ്മയുടെ കർഷകരായ ഗോപിനാഥ്, അശോകൻ, സുരേഷ് കുമാർ, വിനയൻ, ബാബു, രാജൻ, ശിശുപാലൻ, അജയ്, ചന്ദ്രമോഹൻ,ശ്രീകുമാർ, സുധാകരൻ നായർ, ഷാബു, ശിവപ്രസാദ്, രാജൻ, സജിത്ത് എന്നീ കർഷർക്ക് കൃഷി ഓഫീസർ പരിപൂർണ പിന്തുണ നൽകി.