വെഞ്ഞാറമൂട്: ഞാറ്റു പാട്ടും നാടൻ ശീലുകളുമായി ഞാറുനടീൽ ഉത്സവമാക്കി മാറ്റി തേമ്പാംമുട് ജനതാ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ. പുല്ലംമ്പാറ പാഠശേഖരത്താണ് ഇവർ ഞാറുനട്ടത്. യന്ത്ര സാമഗ്രികളുടെ സഹായമില്ലാതെ തികച്ചും കാർഷിക പാരമ്പര്യ രീതിയിലാണ് ഇവർ ഞാറുനട്ടത്. അത്യുത്പാദന ശേഷിയുള്ള നെൽവിത്താണ് ഇവർ കൃഷിയിറക്കിയത്. കർഷകർക്കും കർഷക തൊഴിലാളികൾക്കും പ്രോത്സാഹനമാകുക എന്ന ലക്ഷ്യത്തോടെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിനോദ് ഡി.നായർ മുന്നോട്ട് വച്ച ആശയം ഏറ്റെടുത്ത് വോളണ്ടിയർമാർ കൈയ്യും മെയ്യും മറന്ന് നെൽവിതയ്ക്കാൻ പാടത്തിറങ്ങുകയായിരുന്നു. ഞാറുനടീലിന് ശേഷം പരമ്പരാഗത കൃഷിരീതികളെക്കുറിച്ചും ജൈവ വൈവിദ്യത്തെക്കുറിച്ചും ക്ലാസ്സുകൾ സംഘടിപ്പിച്ചു. രാധാകൃഷ്ണൻ നായർ, ശശിധരൻ നായർ, അനിൽകുമാർ, എം.സുൽഫി എന്നിവർ വിവിധ ക്ലാസ്സുകൾ നയിച്ചു.