മലയിൻകീഴ്: മലയിൻകീഴ് ജംഗ്ഷനിൽ സലീമിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഫ്രൂട്സ് കടയിലുണ്ടായ തീപിടിത്തത്തിൽ ഒരുലക്ഷം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. ശനിയാഴ്ച രാത്രി 9.35നാണ് സംഭവം. കടയ്ക്കുള്ളിൽ നിന്ന് പുക പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. കാട്ടാക്കടയിൽ നിന്നെത്തിയ ഫയർഫോഴ്സ് അംഗങ്ങൾ അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ കെടുത്തിയത്. കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തിയിരുന്നു. ഈ കടയുടെ സമീപത്ത് പ്രവർത്തിക്കുന്ന മലയിൻകീഴ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി കൃഷ്‌ണകുമാറിന്റെ ഫ്രൂട്സ് കടയിലേക്ക് തീ പടർന്നെങ്കിലും നിയന്ത്രിച്ചതിനാൽ നാശനഷ്ടമുണ്ടായില്ല. മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.