തിരുവനന്തപുരം: അടിയന്തരഘട്ടങ്ങൾ നേരിടുന്നതിന് പൊലീസ് പതിനൊന്ന് സീറ്റുള്ള ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നു. രക്ഷാപ്രവർത്തനത്തിനും നക്‌സൽ വിരുദ്ധ പ്രവർത്തനത്തിനുമായാണ് ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ മുഖ്യമന്ത്രിയുടെ യാത്രകൾക്കും ഉപയോഗിക്കും. ഒരു കോടി 44 ലക്ഷം രൂപയാണ് പ്രതിമാസം വാടക. കേന്ദ്ര സർക്കാരിന്റെ ഫണ്ടും ഇതിനായി ഉപയോഗിക്കും.
ഇതുസംബന്ധിച്ച് ഡൽഹി ആസ്ഥാനമായ പവൻ ഹാൻസ് ലിമിറ്റഡ് കമ്പനിയുമായി ധാരണയിലായി. പ്രതിമാസം 20 മണിക്കൂർ ഉപയോഗിക്കാം. 10ന് കമ്പനിയുമായി ധാരണാപത്രം ഒപ്പിടും. പ്രളയകാലത്ത് ഹെലികോപ്ടറിന്റെ അപര്യാപ്തത രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു.
ഹെലികോപ്ടർ സ്വന്തമായി വാങ്ങാനായിരുന്നു ആദ്യ നീക്കമെങ്കിലും നഷ്ടം കണക്കിലെടുത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് മാർച്ചിൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെലികോപ്ടർ വാടകയ്‌ക്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രതിവർഷം കോടികൾ ചെലവിട്ട് ഹെലികോപ്ടർ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനം വിമർശനങ്ങൾക്കിടയാക്കിയിരുന്നു.