ശിവഗിരി: കടുവാപള്ളിയിൽ നിന്നു ശിവഗിരി മഠത്തിലേക്ക് നടന്ന മിനി മാരത്തണോടു കൂടി 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള കായികമത്സരങ്ങൾക്ക് തുടക്കമായി. അടൂർപ്രകാശ് എം.പി കടുവാപള്ളിയിൽ മിനി മാരത്തൺ ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുദേവൻ ഏറെ പ്രാധാന്യം കല്പിച്ചിരുന്നതായി അടൂർപ്രകാശ് എം.പി പറഞ്ഞു. ആരോഗ്യമുള്ള സമൂഹത്തിനു മാത്രമെ ആരോഗ്യമുള്ള മനസുണ്ടാകൂ. അതുവഴി മാത്രമെ ആരോഗ്യമുള്ള ഒരു പുതുതലമുറയെ സൃഷ്ടിക്കാനാകൂ. അതുകൊണ്ടാണ് ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയപ്പോൾ തീർത്ഥാടന സമ്മേളനങ്ങളിൽ ചർച്ച ചെയ്യാനായി നിർദ്ദേശിച്ച എട്ട് വിഷയങ്ങളിൽ ആരോഗ്യത്തിന് ഗുരുദേവൻ പ്രാധാന്യം നൽകിയത്. ഉദ്ഘാടന സമ്മേളനത്തിൽ വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബോബി ചെമ്മണ്ണൂർ, ഒളിമ്പ്യൻ ജിൻസി ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളായി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, കടുവാപള്ളി ചീഫ് ഇമാം അബുറബി സദക്കത്തുള്ള എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.ജെ. നഹാസ്, സ്പോർട്സ് കമ്മിറ്റി രക്ഷാധികാരി ബി. ജയപ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. സ്പോർട്സ് കമ്മിറ്റി ചെയർമാൻ വി. അനിൽകുമാർ സ്വാഗതവും ചീഫ് കോ-ഓർഡിനേറ്റർ സ്വാമി ബോധിതീർത്ഥ നന്ദിയും പറഞ്ഞു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും കടുവാപള്ളി ചീഫ്ഇമാം അബുറബി സദക്കത്തുള്ളയും ഡോ. ബോബി ചെമ്മണ്ണൂരും അടൂർപ്രകാശ് എം.പിയും ചേർന്നാണ് കടുവാപള്ളിയിൽ നിന്ന് ആരംഭിച്ച മിനി മാരത്തണിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്. നൂറോളം കായികതാരങ്ങൾ മാരത്തണിൽ പങ്കെടുത്തു.