photo

പെരിങ്ങമ്മല: ഒരു നാടിന്റെ സ്വപ്ന സാക്ഷാത്‌കാരമായി ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച പെങ്കമ്മല ആദിവാസി സാംസ്‌കാരിക നിലയത്തിന് ഉദ്‌ഘാടന യോഗമില്ലാതായിട്ട് മൂന്നു വർഷം. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ പന്നിയോട്ടുകടവ് ആദിവാസി സങ്കേതത്തിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ഇരുനില സാംസ്‌കാരിക മന്ദിരമാണ് കാടുകയറി നശിക്കുന്നത്.

2014 -15 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് കെട്ടിടം നിർമ്മിച്ചത്. പഞ്ചായത്തിൽ പിന്നാക്കം നിൽകുന്ന പന്നിയോട്ടുകടവ്, ഒരുപറ ട്രൈബൽ സെറ്റിൽമെന്റുകളിൽ ലൈബ്രറിയും കമ്മ്യൂണിറ്റി ഹാളും തൊഴിൽ പരിശീലന കേന്ദ്രവും ആരംഭിക്കുന്നതിനായാണ് ബഹുനിലമന്ദിരം നിർമ്മിച്ചത്. നൂറ്റമ്പതോളം ആദിവാസി, നിർദ്ധന വിഭാഗങ്ങൾ താമസിക്കുന്ന ഇവിടെ ഒരു വായനശാല പോലുമില്ല. ഇതുകാരണം ഊരുക്കൂട്ടം ചേരുന്നത് വീടുകളിലാണ്.

പട്ടികവർഗ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ബോധവത്കരണ പരിപാടികളും ആരോഗ്യ, എക്സൈസ് വകുപ്പുകളുടെ ക്ഷേമ പ്രവർത്തനങ്ങളും സന്നദ്ധ, സാംസ്കാരിക സംഘടനകളുടെ പൊതുയോഗങ്ങളും വഴിവക്കിലാണ് നടക്കുന്നത്.

സമീപ ആദിവാസി സങ്കേതങ്ങളായ ഇയ്യക്കോട്, ആലുമൂട് എന്നിവിടങ്ങളിലെ സാംസ്‌കാരിക നിലയങ്ങൾ ജനോപകാര പ്രദമായി പ്രവർത്തിക്കുന്നുണ്ട്. അമിതമായ മദ്യപാനവും ഇതര ലഹരി വസ്‌തുക്കളുടെ ഉപയോഗവും മേഖലയിൽ വ്യാപകമാണ്. ഇതിനെതിരെ എക്സൈസ്, ആരോഗ്യ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും മെഡിക്കൽ ക്യാമ്പുകളും മറ്റും നടത്തുന്നുണ്ടെങ്കിലും പന്നിയോട്ടുകടവ്, ഒരുപറ ഭാഗങ്ങളിൽ മാത്രം ഇതിനുള്ള സൗകര്യമില്ലെന്നാണ് അധികൃതരുടെ പരാതി.